ഇന്ത്യ ജേതാക്കളായ 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ശ്രീലങ്കന്‍ കായിക മന്ത്രിയുടെ വെളിപ്പെടുത്തല്‍

കൊളംബോ : ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണം. അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വില്‍ക്കുകയായിരുന്നുവെന്ന്’ നിലവില്‍ ഊര്‍ജ മന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു.

അതേസമയം, ഏതെങ്കിലും കളിക്കാര്‍ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില ‘ഗ്രൂപ്പു’കള്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈ വാംഘഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്

‘2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നു. ഏറ്റവും ഉത്തരവാദിത്തത്തോടെ തന്നെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. ഇതേക്കുറിച്ച് ചര്‍ച്ചയുണ്ടാകണം. ഒത്തുകളിച്ചെന്ന് പറഞ്ഞ് ഏതെങ്കിലും കളിക്കാരെ ഞാന്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകള്‍ ഫൈനല്‍ മത്സരം ഒത്തുകളിക്കുന്നതിന് ചരടുവലിച്ചിട്ടുണ്ടെന്ന് തീര്‍ച്ച’ മന്ത്രി പറഞ്ഞു.

‘ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനല്‍ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തല്‍ക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011ല്‍ ഇന്ത്യയ്ക്കെതിരെ നടന്ന ഫൈനല്‍ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു’ മന്ത്രി പറഞ്ഞു.

ഇന്ത്യശ്രീലങ്ക ഫൈനല്‍ മത്സരം ഒത്തുകളിയായിരുന്നുവെന്ന് ആരോപണം ഉയരുന്നത് ഇതാദ്യമല്ല. ഈ മത്സരം ഒത്തുകളിയായിരുന്നുവെന്ന ആരോപണം ആദ്യമുയര്‍ത്തിയവരില്‍ ഒരാള്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയാണ്. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററെന്ന നിലയില്‍ വാംഘഡെ സ്റ്റേഡിയത്തില്‍ സന്നിഹിതനായിരുന്നു രണതുംഗ. അന്ന് ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2017ല്‍ ശ്രീലങ്കന്‍ കായികമന്ത്രിയായിരുന്ന ദയസിരി ജയശേഖര ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തനിക്കു മടിയില്ലെന്നായിരുന്നു ജയശേഖരുടെ പ്രഖ്യാപനം.

അതേസമയം, ഇപ്പോള്‍ ആരോപണം ഉയര്‍ത്തിയ മഹിന്ദാനന്ദ അലുത്ഗാമേജ 2017ലും സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുമായുള്ള ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഒരു മുതിര്‍ന്ന ശ്രീലങ്കന്‍ താരം ഡ്രസിങ് റൂമിലിരുന്ന് ടെന്‍ഷന്‍ മൂലം അന്‍പതോളം സിഗററ്റ് പുകച്ചുതള്ളുന്നത് കണ്ടതായി അന്നത്തെ ടീം മാനേജര്‍ പറഞ്ഞെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, മത്സരം അവസാനിച്ച ഉടനെ അന്നത്തെ ക്യാപ്റ്റന്‍ പ്രത്യേകിച്ചു കാരണമൊന്നും പറയാതെ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മാനേജരെ ഉദ്ധരിച്ച് മന്ത്രി വെളിപ്പെടുത്തി. ഇത്തരത്തില്‍ സംശയമുയര്‍ത്തുന്ന പല കാര്യങ്ങളും സംഭവിച്ചതായും മന്ത്രി ആരോപിച്ചു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment