വീണ്ടും ആശങ്ക ഉയര്‍ത്തി തമിഴ്‌നാട്; ഒരു മന്ത്രിക്ക് കൂടി കോവിഡ് ബാധിച്ചു; നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ആശങ്ക അകലാതെ തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപിക്കുന്നു. ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അന്‍പഴകന്‍. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അണ്ണാഡിഎംകെയുടെ ഒരു എംഎല്‍എയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചതും തമിഴ്‌നാട്ടിലാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകനാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

അതിനിടെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക് പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോടാക്‌സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. എന്നാല്‍ ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular