അടങ്ങാതെ ചൈന; ഇന്ത്യയ്‌ക്കെതിരേ സൈബര്‍ ആക്രമണവും

അതിര്‍ത്തിയില്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ചൈന. ഇന്ത്യയുടെ വിവരദായക വെബ്‌സൈറ്റുകളിലും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയല്‍ ഓഫ് സര്‍വീസ്) ആക്രമണം ചൈന അഴിച്ചുവിട്ടതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തില്‍ അല്ലെങ്കില്‍ ഒരു നെറ്റ്‌വര്‍ക്കില്‍ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്‌സൈറ്റുകള്‍ തകര്‍ക്കുന്ന ഒരുതരം സൈബര്‍ ആക്രമണമാണ് ഡിഡിഒഎസ് അറ്റാക്ക്. ഇന്ത്യയുടെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, എടിഎം ഉള്‍പ്പെടുന്ന ബാങ്ക് സര്‍വീസുകള്‍ എന്നിവയാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.

മധ്യ ചൈനീസ് നഗരമായ ചെംഗ്ഡുവിലാണ് ഇന്ത്യക്കെതിരെയുള്ള സൈബര്‍ യുദ്ധത്തിനു പടയൊരുക്കം നടക്കുന്നത്. സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡു ചൈനീസ് മിലിട്ടറിയുടെ പ്രാഥമിക രഹസ്യ സൈബര്‍ വാര്‍ഫെയര്‍ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 61398 യൂണിറ്റിന്റെ ആസ്ഥാനമായാണ് അറിയപ്പെടുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ– ചൈന സംഘര്‍ഷം നടന്ന് 20 ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിറ്റേ ദിവസമാണ് ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ആക്രമണത്തിനു ചെംഗ്ഡു നീക്കങ്ങള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച തുടങ്ങിയ ആക്രമണം ബുധനാഴ്ചയും തുടര്‍ന്നെന്നാണ് വിവരം.

ഡിനയല്‍ ഓഫ് സര്‍വ്വീസ് അറ്റാക്ക് അഥവാ ഡിഡിഒഎസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഒരു സിസ്റ്റമോ നെറ്റ്‌വര്‍ക്കിന്റെ ഉറവിടമോ അതിന്റെ ഉപയോക്താവിന് ലഭ്യമല്ലാതാക്കുന്നതിനാണ്. ഇതിനായി വ്യാജ ട്രാഫിക്ക് അഥവാ ഓവര്‍ലോഡി സൃഷ്ടിച്ച് വെബ്‌സൈറ്റിന്റെ സര്‍വറുകളെ മറയ്ക്കുക വഴി ആ വെബ്‌സൈറ്റിനെ തകര്‍ക്കുന്ന രീതിയാണ്. ഒരു പുതിയ ഫയര്‍വാള്‍ ഉപയോഗിച്ച് ഒരു പ്രത്യേക ഐപി അഡ്രസില്‍ നിന്നു വരുന്ന നെറ്റ്‌വര്‍ക് ആക്രമണം തടയാന്‍ കഴിയും.

എന്നാല്‍ വിവിധ പൊയിന്റുകളില്‍ നിന്നു വരുന്നതിനാല്‍ ഡിഡിഒഎസ് ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരം ആക്രമണങ്ങള്‍ ഒരു ബോട്ട്‌നെറ്റിന്റെ സോംബി കമ്പ്യൂട്ടറുകളില്‍ നിന്നോ അല്ലെങ്കില്‍ റിഫ്‌ലക്ഷനും ആംപ്ലിഫിക്കേഷന്‍ ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള സാധ്യമായ മറ്റ് സാങ്കേതിക വിദ്യകളില്‍ നിന്നോ ഉത്ഭവിച്ചേക്കാം.

പടിഞ്ഞാറന്‍ ചൈനയിലെ പ്രധാന മൂന്നു നഗരങ്ങളില്‍ ഒന്നായ ചെംഗ്ഡുവിനെ ഒരു പറ്റം ഹാക്കര്‍ ഗ്രൂപ്പുകളുടെ വാസകേന്ദ്രമെന്നു തന്നെ വിശേഷിപ്പിക്കാം. സേനാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനായി ആണ് ഇവരെ നിയമച്ചിരിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ വന്‍ പ്രതിഫലം നല്‍കി നിയമിച്ചിരിക്കുന്നവരാണ് ഇവരില്‍ മിക്കവരെയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular