പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാര്യയുമായി കോവിഡ് പരിശോധനയുടെ പേരിൽ തർക്കം; മേധാവിയെ സ്ഥലംമാറ്റി; പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ മാറ്റിയതിൽ സഹപ്രവർത്തകരുടെ പ്രതിഷേധം. മൈക്രോബയോളജിസ്റ്റ് ഡോ എൽ ആർ ചിത്രയെയാണ് നീക്കിയത്. ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയുടെ നേതൃത്വത്തിൽ 15 ഓളം ഡോക്ടർമാർ സൂപ്രണ്ട് ഓഫീസിനു മുമ്പിൽ ധർണ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഭാര്യയും ജനറൽ ആശുപത്രിയിലെ ഡോക്ടറുമായ കെ.യമുനയുമായുള്ള പ്രശ്നങ്ങളാണു ചിത്രയുടെ സ്ഥലംമാറ്റത്തിനു വഴിവച്ചതെന്നാണ് ആക്ഷേപം.

കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന യമുന ജലദോഷവും പനിയും ഉള്ളതിനാൽ കോവിഡ് പരിശോധന നടത്താൻ ചിത്രയെ സമീപിച്ചു. രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിർദേശിച്ചത്. എന്നാൽ സർക്കാർ നൽകിയിരിക്കുന്ന നിർദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആർ ടെസ്റ്റ് നടത്തണമെന്നു ചിത്ര ആവശ്യപ്പെട്ടു.

എന്നാൽ യമുന ഇതിനു തയാറായില്ലത്രെ. ഇതേതുടർന്ന് ഡോക്ടർമാരുടെ വാട്സാപ് ഗ്രൂപ്പിലും വിഷയം ചർച്ചയായിരുന്നു.ഈ തർക്കത്തിനൊടുവിലാണു ചിത്രയെ നേരത്തെ ജോലി ചെയ്തിരുന്ന നേമം ആശുപത്രിയിലേക്കു മടക്കിയയച്ചത്. നടപടി പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്കു നീങ്ങുമെന്നു കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ്അസോസിയേഷൻ ( കെജിഎംഒഎ) ജില്ലാ പ്രസിഡന്റ് ഡോ.വി.സുനിൽ കുമാർ പറഞ്ഞു.

ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയെയും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പ്രീതയെയും അറിയിച്ചിട്ടുണ്ട്. നേമത്തു ജോലി ചെയ്തിരുന്ന ചിത്രയുടെ സേവനം ആവശ്യമായതു കൊണ്ടാണു ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കു മാറ്റിയത്. തിരികെ നേമം ആശുപത്രിയിലേക്ക് പോകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. ജനറൽ ആശുപത്രിയിൽ നിയമനം ലഭിച്ച ശേഷം ജില്ലയിലെ എല്ലാ പരിശോധനകൾക്കും ചിത്രയാണു നേതൃത്വം നൽകുന്നത്.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular