വിദ്യാര്‍ഥികള്‍ക്ക് പണച്ചെലവില്ലാതെ 4ജി സ്മാര്‍ട് ഫോണും 4ജി ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന ആശയവുമായി മലയാളി വ്യവസായി. ബംഗളൂരു ആസ്ഥാനമായ റോഷ്പിന്ന വാക്‌സ് അക്കൗസ്റ്റിക്‌സിന്റെ പാര്‍ട്ണറും മാര്‍ക്കറ്റിങ് മേധാവിയുമായ റെജി തോമസ് മാത്യുവാണു സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം വയ്ക്കുന്നത്.
സ്മാര്‍ട്‌ഫോണ്‍ ലഭ്യമാക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായം സ്വീകരിക്കണം. പതിനായിരക്കണക്കിനു സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട് ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ അതതു നിര്‍മാണ കമ്പനികള്‍ തിരികെ വാങ്ങി പ്രവര്‍ത്തനക്ഷമമെന്നു സാക്ഷ്യപ്പെടുത്തി നല്‍കണം. ഇത്തരം മൊബൈല്‍ ഫോണിന് 2,500 രൂപ വരെയാകാം.
മികച്ച വാര്‍ഷിക ഓഫര്‍ നല്‍കാവുന്ന ടെലികോം കമ്പനിയില്‍നിന്നു 4ജി ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കണം. 12 മാസത്തേക്ക് ഉപയോഗിക്കാവുന്ന 4ജി സിം കാര്‍ഡിനു ടെലികോം കമ്പനിക്കു 2,000 രൂപയും നല്‍കാം. അതായത് ഒരു വര്‍ഷത്തേക്കുള്ള നെറ്റ് കണക്ഷനടക്കം 4ജി സ്മാര്‍ട് ഫോണ്‍ 4,500 രൂപയ്ക്കു ലഭിക്കും.
ഈ പണത്തിന് സ്‌പോണ്‍സറെ കണ്ടെത്തുകയും ഏതെങ്കിലും സേവനം സ്‌പോണ്‍സര്‍ക്കു ലഭ്യമാക്കുകയും ചെയ്യണം. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം വര്‍ഷത്തില്‍ 52 മണിക്കൂര്‍ സേവന പാക്കേജ്.
സ്‌പോണ്‍സര്‍ക്കു നല്‍കാനായി പഴം, പച്ചക്കറി ഉല്‍പാദനം തുടങ്ങി ഡേറ്റ എന്‍ട്രിവരെയുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്താം. ആഴ്ചയില്‍ പരമാവധി ഒരു മണിക്കൂര്‍ സേവനം മാത്രം. അതിനു 100 രൂപ പ്രതിഫലമെന്നു കണക്കാക്കിയാല്‍ വര്‍ഷം 52 മണിക്കൂറിന് 5,200 രൂപ. 4,500 രൂപയാണു ചെലവിട്ടതെങ്കില്‍ സേവനം 45 ആഴ്ചയിലേക്ക് ഒതുക്കാം.
ബാലവേല നിരോധന നിയമപരിധിയില്‍ വരാത്ത തരത്തിലാകണം വിദ്യാര്‍ഥിയുടെ സേവനമെന്നും പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ റെജി തോമസ് മാത്യു പറയുന്നു.
follow us: PATHRAM ONLINE