വിരാട് കോലിക്ക് ക്രിസ് ഗെയ്ലിന്റെ കരുത്തോ, എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്ന് ഗൗതം ഗംഭീര്‍, കോലിയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ കരുത്തോ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, വിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്നു മുന്‍ താരം ഗൗതം ഗംഭീര്‍. ഇതൊന്നുമില്ലാതിരുന്നിട്ടും ട്വന്റി20യില്‍ കോലി വിജയിക്കാന്‍ കാരണം ശരീരക്ഷമതയാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തില്‍ നിലവില്‍ കോലിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഗംഭീര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അദ്ദേഹം (വിരാട് കോലി) എക്കാലവും വളരെ ഊര്‍ജസ്വലനായ ക്രിക്കറ്റ് താരമാണ്. ശരീരക്ഷമത കൊണ്ടു മാത്രം തന്റെ ട്വന്റി20 കരിയര്‍ ഒരു വലിയ വിജയമാക്കി മാറ്റിയ താരമാണ് കോലി. ക്രിസ് ഗെയ്‌ലിന്റെ കരുത്തോ എ.ബി. ഡിവില്ലിയേഴ്‌സിന്റെ മികവോ ഇല്ലാത്ത താരമാണ് അദ്ദേഹം. ജാക്വസ് കാലിസിന്റെയും ബ്രയാന്‍ ലാറയുടെയും കഴിവും അദ്ദേഹത്തിനില്ലായിരിക്കാം. പക്ഷേ, എന്നിട്ടും രാജ്യാന്തര ക്രിക്കറ്റില്‍ അദ്ദേഹത്തെ വന്‍ വിജയമാക്കി മാറ്റിയത് ശരീരക്ഷമതയാണ്’ ഗംഭീര്‍ അഭിപ്രായപ്പെട്ടു.

‘ശരീരക്ഷമതയെ തന്റെ കളിയുമായി വിജയകരമായി സംയോജിപ്പിക്കാന്‍ കോലിക്കായി. കോലിയുടെ വിജയത്തിനു പിന്നില്‍ പ്രധാനമായും ഈ ഘടകമാണ്. അതിന് അദ്ദേഹത്തെ അംഗീകരിച്ചേ തീരൂ. വിക്കറ്റിനിടയിലൂടെയുള്ള കോലിയുടെ ഓട്ടവും പ്രധാനമാണ്. അധികം പേര്‍ക്കൊന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മികവില്ല. ഓരോ പന്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയുന്ന വളരെ കുറച്ച് താരങ്ങളേ ഇപ്പോഴുള്ളൂ. അവരില്‍ മുന്‍പനാണ് കോലി. മറ്റുള്ളവരില്‍നിന്ന് കോലിയെ വേറിട്ടു നിര്‍ത്തുന്ന ഘടകവും അതാണ്’ ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ കോലിയുടെ സഹതാരമായ രോഹിത് ശര്‍മയേക്കാള്‍ കോലിക്ക് മേധാവിത്തം നല്‍കുന്നത് ഇതേ ഘടകമാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു

‘രോഹിത് ശര്‍മയുടെ ഉദാഹരണമെടുക്കാം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തില്‍ രോഹിത്തിന് കോലിയുടെ മികവില്ല. വലിയ ഷോട്ടുകള്‍ കളിക്കുന്ന കാര്യത്തില്‍ സമാനതകളില്ലാത്ത താരമാണ് രോഹിത്. പക്ഷേ, സ്‌ട്രൈക്ക് റൊട്ടേറ്റു ചെയ്യുന്ന കാര്യത്തില്‍ കോലിക്കുള്ള മികവാണ് അദ്ദേഹത്തെ രോഹിത്തിനേക്കാള്‍ സ്ഥിരതയുള്ള താരമാക്കി മാറ്റുന്നത്. സ്‌ട്രൈക്ക് റൊട്ടേറ്റു ചെയ്യുന്ന കാര്യത്തില്‍ ക്രിസ് ഗെയ്‌ലിനും എ.ബി. ഡിവില്ലിയേഴ്‌സിനും പോലും കോലിയുടെ മികവില്ല. പ്രത്യേകിച്ചും സ്പിന്‍ ബോളിങ്ങിനെതിരെ. പക്ഷേ കോലിക്ക് അക്കാര്യത്തില്‍ മികവുണ്ട്. കോലിയുടെ ബാറ്റിങ് ശരാശരി എപ്പോഴും 50നു മുകളില്‍നില്‍ക്കുന്നത് അതുകൊണ്ടാണ്’ ഗംഭീര്‍ പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7