വിയന്ന: പരിശോധനയ്‌ക്കെത്തിയപ്പോള്‍ അധോവായു വിട്ട യുവാവിന് 500 യൂറോ (42,936 രൂപ)പിഴ. പോലീസ് സമീപത്തെത്തിയപ്പോള്‍ ഉച്ചത്തില്‍ അധോവായു വിട്ടത്തിനാണ് ഓസ്ട്രിയന്‍ പോലീസ് യുവാവിന് ഇത്രയും തുക പിഴ ചുമത്തിയത്.
യുവാവ് മനഃപൂര്‍വം ഈ പ്രവൃത്തി ചെയ്തതായാണ് പോലീസ് ഭാഷ്യം. ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് പോലീസെത്തിയപ്പോള്‍ ഇരിപ്പില്‍ നിന്ന് പിന്‍ഭാഗമുയര്‍ത്തി കീഴ് വായു പുറത്തേക്ക് വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആനുപാതികമല്ലാത്തതും നീതിരഹിതവുമായ പിഴശിക്ഷയാണ് തനിക്ക് ലഭിച്ചതെന്ന് യുവാവ് പരാതിയുയര്‍ത്തി. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തെ കുറിച്ച് 024 വാര്‍ത്താ വെബ്സൈറ്റില്‍ ഇയാള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തി.
അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ശിക്ഷ നല്‍കില്ലായിരുന്നുവെന്നും ഇത് മനഃപൂര്‍വമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ ചുമത്തിയതെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ യുവാവ് പ്രകോപനപരമായും നിസ്സഹരണമനോഭാവത്തിലുമാണ് പെരുമാറിയതെന്നും പോലീസ് പറഞ്ഞു. പിഴത്തുകയെ സംബന്ധിച്ച് യുവാവിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു
FOLLOW US: PATHRAM ONLINE LATEST NEWS