സ്ത്രീകളെ ഫേസ്ബുക്കില്‍ പരിചയപ്പെടും ; ബന്ധം സ്ഥാപിച്ച് പീഡനവും പണം തട്ടലും, ഈ തന്ത്രം ഉപയോഗിച്ച് ലൈംഗിക ചൂഷണം നടത്തിയത് 25 യുവതികളെ; ഫേസ് ബുക്കില്‍ സ്ത്രീകള്‍ക്കായി തെരച്ചിലില്‍, റെയില്‍വേ ക്ളാര്‍ക്ക് പിടിയില്‍

കോട്ടയം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ കെണിയില്‍വീഴ്ത്തി പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്. അരുണ്‍ (അരുണ്‍ സാകേതം- 33) ആണ് അറസ്റ്റിലായത്. ഇരുപത്തഞ്ചോളം യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്ന് പോലീസ്.

ജോലിത്തിരക്കുകാരണം വീട്ടില്‍ താമസിച്ചുവരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധ തീരെ ലഭിക്കുന്നില്ലെന്നു തോന്നിത്തുടങ്ങിയ വീട്ടമ്മ ഫെയ്സ്ബുക്കിലൂടെയാണ് അരുണിന്റെ വലയില്‍ വീണത്. ഭര്‍ത്താവില്‍നിന്നു രക്ഷിച്ച് പുതിയ ജീവിതം തരാമെന്ന വാഗ്ദാനം നല്‍കി ഇയാള്‍ വീട്ടമ്മയുടെ ചിത്രങ്ങള്‍ കൈക്കലാക്കി. ഭീഷണിയിലേക്കും ലൈംഗിക ചൂഷണത്തിലേക്കുമെത്തി.

വീട്ടമ്മയില്‍നിന്നു സ്വര്‍ണവും ലക്ഷക്കണക്കിനു രൂപയും കൈക്കലാക്കിയ അരുണ്‍ സ്വത്തുക്കള്‍ എഴുതിനല്‍കാന്‍കൂടി നിര്‍ബന്ധിച്ചതോടെ വീട്ടമ്മ മൂന്നുതവണ ആത്മഹത്യക്കു ശ്രമിച്ചു. പിന്നീട്,ഇയാള്‍ അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുവാന്‍ തുടങ്ങി. ഭര്‍ത്താവുമായി അടുക്കുന്നതും സംസാരിക്കുന്നതും പോലും അരുണ്‍ വിലക്കി. ഒരു മുറിയില്‍ ഒറ്റയ്ക്കു കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്‍ബന്ധിച്ചു. കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചതിന്റെ പേരിലും മാനസികമായി പീഡിപ്പിച്ചു.

ഇതോടെ ഭര്‍ത്താവിനോട് ഇവര്‍ പീഡനകഥകള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി: ആര്‍ ശ്രീകുമാറിനു വീട്ടമ്മ പരാതി നല്‍കി. വിവാഹിതനും എട്ടുവയസുള്ള കുട്ടിയുടെ അച്ഛനുമാണ്. ഇയാളുമായി ഒത്തുപോകാനാകാതെ ഭാര്യയും കുട്ടിയും ഉപേക്ഷിച്ചുപോയിരുന്നു. രാത്രിയില്‍ ഏറെ വൈകിയും സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നതും ശാരീരിക പീഡനവും മൂലം മടുത്താണ് ഭാര്യ കുട്ടിയേയും കൊണ്ട് ഇയാളെ ഉപേക്ഷിച്ചു പോയത്.

തിരക്കില്ലാത്ത കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ്ക്ലാര്‍ക്ക് ആയ ഇയാള്‍ സ്ഥിരം ഫേസ് ബുക്കില്‍ സ്ത്രീകള്‍ക്കായി തെരച്ചിലില്‍ ആണെന്നു പരിശോധനയില്‍ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വിവാഹവാഗ്ദാനം നല്‍കുന്ന അരുണ്‍ ഓരോരുത്തരുടെയും ബലഹീനതകള്‍ തന്ത്രത്തില്‍ മനസിലാക്കി. പ്രണയം അഭിനയിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഇംഗിതങ്ങള്‍ക്കു വശംവദരാക്കുന്നതും പതിവാക്കി. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ നമ്പര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നു മനസ്സിലാക്കിയും അരുണ്‍ തട്ടിപ്പിനു കളമൊരുക്കിയിരുന്നു.

നമ്പര്‍ കൈവശപ്പെടുത്തി റിസര്‍വേഷന്‍ സംബന്ധിച്ച് കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടര്‍ന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ചൂഷണങ്ങളിലെയ്ക്ക് ഈ ബന്ധം വഴിമാറ്റി വിടുന്നതും ഇയാളുടെ ശീലമാണ്. ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നു ഫോണും ഫെയ്‌സ്ബുക് അക്കൗണ്ടും പരിശോധിച്ചപ്പോള്‍ മനസ്സിലായതായും പൊലീസ് പറയുന്നു. ലൈംഗികതയ്ക്ക് അടിമയായ ഇയാള്‍ തന്റെ ഇരകളെ ക്രൂരമായി പീഡിപ്പിക്കുകയാണ് പതിവ്. മിക്കവരും നാണക്കേടോര്‍ത്ത് പരാതിപ്പെട്ടിട്ടില്ല.

ജില്ലാ പോലിസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി ശ്രീ ആര്‍ ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡി വൈ എസ് പി ഓഫീസിലെ എ.എസ്.ഐ കെ.ആര്‍. അരുണ്‍ കുമാര്‍ , പ്രോബെഷനറി സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍ മാരായ കെ.ആര്‍.പ്രസാദ്, ഷിബുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ശ്രീ ക്ലീറ്റസ് കെ ജോസഫ് അറസ്റ്റ് രേഖപ്പെടുത്തി.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular