ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന് ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 43 ചൈനിസ് സൈനികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഈ റിപ്പോര്‍ട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണെന്നാണ് സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകള്‍ക്ക് ഉന്നത സേനാ നേതൃത്വം നിര്‍ദേശം നല്‍കി.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികള്‍ എന്നിവര്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാന്‍ സജ്ജമാണെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ, സംഘര്‍ഷം നടന്ന ഗല്‍വാന്‍ താഴ്വര പൂര്‍ണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.
ഇതാദ്യമായാണ് ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. തങ്ങളുടെ മേഖലയായ ഗല്‍വാനിലേക്ക് ഇന്ത്യന്‍ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപണമുന്നയിച്ചത് അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനയാണ്.
ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന 3488 കിലോമീറ്റര്‍ നീളമേറിയ യഥാര്‍ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോര്‍ കമാന്‍ഡുകള്‍ക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്. ഡല്‍ഹി ആസ്ഥാനമായുള്ള പടിഞ്ഞാറ്, ഷില്ലോങ് ആസ്ഥാനമായ കിഴക്ക് വ്യോമ കമാന്‍ഡുകള്‍ക്കാണ് അതിര്‍ത്തിയുടെ വ്യോമ സുരക്ഷയുടെ ചുമതല. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിനു നേതൃത്വം നല്‍കുന്നത് മലയാളിയാണ് തിരുവനന്തപുരം സ്വദേശി എയര്‍ മാര്‍ഷല്‍ ബി. സുരേഷ്.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ വ്യോമ താവളങ്ങളില്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാണ്. കൂടുതല്‍ സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങളെയും അതിര്‍ത്തി മേഖലകളിലേക്കെത്തിക്കുന്നതിനുള്ള ചരക്കു വിമാനങ്ങളും താവളങ്ങളില്‍ തയാറാണ്.
FOLLOW US: PATHRAM ONLINE LATEST NEWS