പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചില്ല് യുവതി മദ്യലഹരിയില്‍ ഇടിച്ചു തകര്‍ത്തു. വിമാനം 30,000 അടിയോളം ഉയരത്തില്‍ പറന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇരുപത്തൊമ്പതുകാരിയുടെ അതിക്രമം. മേയ് 25ന് വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷീനിങ്ങില്‍നിന്ന് കിഴക്കന്‍ ചൈനീസ് നഗരമായ യാങ്‌ചെങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ അക്രമം.
യുവതി ജനല്‍ച്ചില്ല് ഇടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തില്‍ കയറുന്നതിനു മുമ്പ് വീര്യമേറിയ രണ്ട് കുപ്പി മദ്യം യുവതി കഴിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കാളി ഉപേക്ഷിച്ചു പോയതിലുള്ള സങ്കടത്തെ തുടര്‍ന്നാണ് യുവതി മദ്യം കഴിച്ചതെന്നാണ് സൂചന. വിമാനത്തിന്റെ ജനല്‍ച്ചില്ലില്‍ ഇടിക്കാന്‍ ആരംഭിച്ച യുവതിയെ ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
വിമാനത്തിന്റെ ജനലില്‍ വിള്ളലുകളുള്ളതായി പോലീസ് പുറത്തുവിട്ട ചിത്രത്തില്‍ കാണാം. അഞ്ചു മണിക്കൂറാണ് ഷീനിങ്ങില്‍നിന്ന് യാങ്‌ചെങ്ങിലേക്ക് എത്താന്‍ ആവശ്യമായ സമയം. എന്നാല്‍ യുവതി ജനല്‍ച്ചില്ലില്‍ ഇടിച്ചതിനു പിന്നാലെ വിമാനം അടിയന്തരമായി ഹെനാന്‍ പ്രവിശ്യയിലെ ഒരു വിമാനത്താവളത്തില്‍ ഇറക്കി. പൊതുഗതാഗത സംവിധാനത്തിന് കേടുപാടുകള്‍ വരുത്തിയ കുറ്റത്തിന് യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ‘ലി’ എന്നാണ് ഇവരുടെ സര്‍നെയിം എന്നു മാത്രമാണ് പുറത്തു വിട്ടിട്ടുള്ളത്.
FOLLOW US: pathram online latest news