വെറും 7 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ പരിശീലകനായി കരാര്‍ ഒപ്പിട്ട കഥ പങ്കുവച്ച് ഗാരി കിര്‍സ്റ്റന്‍

താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞടുക്കപ്പെട്ടതിനു വെറും 7 മിനിറ്റിനുള്ളില്‍ ഗാരി കിര്‍സ്റ്റന്‍. അന്നത്തെ രസകരമായ കഥകള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍. ഒരു തയാറെടുപ്പുമില്ലാതെ അഭിമുഖത്തിനെത്തിയ താന്‍ വെറും 7 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ പരിശീലകനായി കരാര്‍ ഒപ്പിട്ടെന്നു കിര്‍സ്റ്റന്‍ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. ഗ്രെഗ് ചാപ്പലിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തിയ ഗാരി കിര്‍സ്റ്റനു കീഴിലാണ് ഇന്ത്യ 2011ല്‍ ഏകദിന ലോകകപ്പ് നേടിയത്.

‘സിലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു സുനില്‍ ഗാവസ്‌കറുടെ ഇമെയില്‍ കണ്ടപ്പോള്‍ ആദ്യം അതൊരു വ്യാജ സന്ദേശമായിരിക്കുമെന്നാണു ഞാന്‍ കരുതിയത്. ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാമോ എന്നു ചോദിച്ചു വീണ്ടും മെയില്‍ വന്നപ്പോള്‍ ഞാനതു ഭാര്യയെ കാണിച്ചു. ‘നിങ്ങളെക്കൊണ്ട് അതൊന്നും പറ്റില്ല’ എന്നായിരുന്നു അവളുടെ മറുപടി’ കിര്‍സ്റ്റന്‍ പറഞ്ഞു.

‘എങ്കിലും ഇന്റര്‍വ്യൂവിനായി ഞാന്‍ ഇന്ത്യയിലേക്കു വന്നു. അവിടെവച്ച് ആദ്യം കണ്ടത് അന്നത്തെ ഇന്ത്യന്‍ നായകനായിരുന്ന അനില്‍ കുംബ്ലെയെയാണ്. ഞാന്‍ ഇന്ത്യന്‍ പരിശീലകനാകാന്‍ അഭിമുഖത്തിനു വന്നതാണെന്ന് പറഞ്ഞപ്പോള്‍ കുംബ്ലെ പൊട്ടിച്ചിരിച്ചു. ഞാനും ചിരിച്ചു’ കിര്‍സ്റ്റന്‍ പറഞ്ഞു

‘അഭിമുഖത്തിനു കയറിയപ്പോള്‍ അവര്‍ എന്നെ പ്രസന്റേഷനു ക്ഷണിച്ചു. പക്ഷേ, എന്റെ കയ്യില്‍ ഒന്നുമില്ലെന്നു ഞാന്‍ പറഞ്ഞു. അന്നു കമ്മിറ്റിയിലുണ്ടായിരുന്ന രവി ശാസ്ത്രിയാണ് എന്നെ രക്ഷിച്ചത്. ഇന്ത്യയെ തോല്‍പിക്കാന്‍ ദക്ഷിണാഫ്രിക്ക എന്താണു ചെയ്യുന്നതെന്നു പറയാമോ എന്നു ശാസ്ത്രി ചോദിച്ചതിനു ഞാന്‍ മറുപടി നല്‍കി. അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഒപ്പിടാനായി അവര്‍ എനിക്കു തന്ന കരാറില്‍ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ പേരാണുണ്ടായിരുന്നത്. ഞാന്‍ അതു ചൂണ്ടിക്കാട്ടിയപ്പോള്‍ പേനകൊണ്ട് ചാപ്പലിന്റ പേരുവെട്ടി എന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു’ കിര്‍സ്റ്റന്‍ പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment