വീട്ടമ്മയുടെ ദാരുണാന്ത്യം; ചില്ലുകള്‍ നിലവാരമില്ലാത്തത്, ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി

ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മ അതി ദാരുണമായി മരിച്ച സംഭവത്തില്‍ നിലവാരമില്ലാത്ത ചില്ലുവാതില്‍ സ്ഥാപിച്ചതില്‍ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പരാതി നല്‍കുമെന്ന് ബന്ധുക്കള്‍. കനം കുറഞ്ഞ ചില്ലിന്റെ വാതിലാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. കനം കൂടിയ ചില്ലായിരുന്നെങ്കില്‍ ഇത്തരത്തില്‍ തകരില്ലായിരുന്നു.

ചില്ലുവാതില്‍ പൊട്ടി ഗ്ലാസ് കഷണങ്ങള്‍ ശരീരത്തില്‍ തുളച്ചു കയറിയായിരുന്നു ബീന മരണപ്പെട്ടത്. വാതിലില്‍ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്ക വിധം സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നില്ല. ഏഴ് അടിയോളം ഉയരത്തില്‍ ഒരു കഷണം ഗ്ലാസാണു വാതിലായി ഉപയോഗിച്ചിരുന്നത്. ഡബിള്‍ ലെയര്‍ ഗ്ലാസുകളോ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടെംപേഡ് ഗ്ലാസുകളോ ഉപയോഗിക്കേണ്ട സ്ഥാനത്തു കനം കുറഞ്ഞ പ്ലെയിന്‍ ഗ്ലാസ് ഉപയോഗിച്ചാല്‍ ഇത്തരം അപകടങ്ങളുണ്ടാകാന്‍ സാധ്യത കൂടും.

യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്. അപകടം നടന്നു 10 മിനിറ്റിനു ശേഷമാണ് 200 മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന് 5 മിനിറ്റിനു ശേഷമാണു ബീനയെ പുറത്തേക്കു കൊണ്ടു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ റീജനല്‍ മാനേജര്‍ ബാബു രവിശങ്കര്‍ പറഞ്ഞു. വാതിലിന്റെ ഗ്ലാസിനു കനം കുറവായിയിരുന്നു എന്ന ആരോപണം പരിശോധിക്കും. വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും 5 മിനിറ്റിനകം ബീനയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

4 മില്ലിമീറ്ററോ 6 മില്ലിമീറ്ററോ കനമുള്ള അനീല്‍ഡ് ഗ്ലാസുകളാകാം ബാങ്കില്‍ ഉപയോഗിച്ചത്. ഇവ ഉപയോഗിച്ച് വാതില്‍ നിര്‍മിക്കരുത്. ശക്തിയായി ഇടിച്ചാല്‍ പൊട്ടി അപകടമുണ്ടാകും. വാതിലുകള്‍, ജനലുകള്‍, ഭിത്തികള്‍, പ്ലാറ്റ്‌ഫോം തുടങ്ങിയവയ്ക്കു ടഫന്‍ഡ്, സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസുകള്‍ തന്നെ വേണം. വാതിലുകള്‍ക്കു കുറഞ്ഞത് 12 മില്ലിമീറ്റര്‍ കനമുള്ള ടഫന്‍ഡ് ഗ്ലാസോ 10 മില്ലിമീറ്റര്‍ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസോ ഉപയോഗിച്ചാല്‍ അപകടം ഒഴിവാക്കാം. പൊട്ടിയാലും തരികളായി പൊടിയുകയേയുള്ളൂ.

FOLOOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular