കൊച്ചി : കേരളത്തില്‍ ഹോക്കിയുടെ പ്രചാരത്തിനു 4 പതിറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ഒട്ടേറെ ദേശീയ–സംസ്ഥാന താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത ഹോക്കി പരിശീലകന്‍ ആര്‍.എസ്.ഷേണായ് (ആര്‍.ശ്രീധര്‍ ഷേണായ്–72) അന്തരിച്ചു. കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നാല്‍പതോളം സ്‌കൂളുകളിലും സ്വന്തം ഹോക്കി സ്‌കൂളിലുമായി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ 5 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്‌കാരം നടത്തി.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അംഗവും പരിശീലകനുമായിരുന്നു. ഒളിംപ്യന്‍ ദിനേശ് നായിക്, ഇന്ത്യന്‍ ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷിന്റെ പരിശീലകരായ ജയകുമാര്‍, രമേഷ് കോലപ്പ, സായ് പരിശീലകന്‍ അലി സബീര്‍ എന്നിവരുടെയും എയര്‍ ഇന്ത്യ, സര്‍വീസസ്, റെയില്‍വേസ്, കേരള ടീമുകളില്‍ കളിച്ചിട്ടുള്ള ഒട്ടേറെ താരങ്ങളുടെയും പരിശീലകനായിരുന്നു.
വീക്ഷണം റോഡിലെ ശങ്കരശേരിയില്‍ രംഗനാഥ ഷേണായിയുടെയും യശോദയുടെയും മകനായി 1948 ഏപ്രില്‍ ഒന്നിനായിരുന്നു ജനനം. ഭാര്യ: ധനലക്ഷ്മി. മകള്‍: ദിവ്യ എസ്.ഷേണായ്.
പട്യാലയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നു രണ്ടാം റാങ്കോടെ ഹോക്കി പരിശീലന യോഗ്യത നേടി. അവിടെ ചീഫ് കോച്ചായിരുന്ന ബാല്‍കിഷന്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരമാണു കേരളത്തില്‍ ഹോക്കി പ്രചരിപ്പിക്കല്‍ ദൗത്യമായി ഏറ്റെടുത്തത്. 2003ല്‍ വിരമിച്ച ശേഷം കേരള ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍, സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2011ല്‍ ആര്‍എസ്.ഷേണായ് സ്‌കൂള്‍ ഓഫ് ഹോക്കി എന്ന ട്രസ്റ്റിനു രൂപം നല്‍കി.