കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോര്‍ട്ടം: പട്‌നയിലെ വീട്ടിനു മുന്‍പില്‍ ജനപ്രവാഹം

മുംബൈ : ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മൃതദേഹം ഡോ.ആര്‍എന്‍ കൂപ്പര്‍ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കും. സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. യഥാര്‍ഥ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമെ പറയാന്‍ സാധിക്കൂ എന്ന് ഡിസിപി അഭിഷേക് ത്രിമുഖെ അറിയിച്ചു.

മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പട്‌നയിലെ വീട്ടിനു മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടി. സുശാന്തിന്റെ വിയോഗവാര്‍ത്ത ടെലിഫോണിലൂടെയാണ് അറിഞ്ഞതെന്ന് വീട്ടിലെ ജോലിക്കാരി ലക്ഷ്മി ദേവി മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ചണ്ഡിഗഡില്‍ താമസിക്കുന്ന സുശാന്തിന്റെ മൂത്ത സഹോദരി എത്തി അച്ഛനെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും അവര്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചക്കഴിഞ്ഞാണ് സുശാന്തിനെ ബാന്ദ്രയില്‍ ഉള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്. ബിഗ് സ്‌ക്രീനിലും കാലിടറിയില്ല. 2013ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും ശ്രദ്ധിക്കപ്പെട്ടു. ചെറുതെങ്കിലും എല്ലാവരും ഓര്‍ക്കുന്ന കഥാപാത്രമായിരുന്നു പികെയിലെ സര്‍ഫ്രാസിന്റേത്.

ഡിറ്റക്ടീവ് ബ്യോമ്‌കേഷ് ബക്ഷി എന്ന ആക്ഷന്‍ ത്രില്ലറിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ സുശാന്തിനെ താരമാക്കി. നല്ലൊരു ഡാന്‍സര്‍ കൂടിയായിരുന്നു സുശാന്ത്. ഡാന്‍സ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്‌ക്രീനിലേക്കു വിളിവന്നത്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ഇന്ത്യന്‍ സിനിമാലോകമാകെ.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7