കോവിഡ് കുതിക്കുന്നു;ആശുപത്രികള്‍ നിറഞ്ഞു, തമിഴിനാട്ടില്‍ വീണ്ടും ലോക്ഡൗണ്‍

ചെന്നൈ : കോവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു. വാര്‍ഡുകള്‍ നിറഞ്ഞതോടെ പ്രവേശനത്തിനായി ആശുപത്രികള്‍ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി. നിലവില്‍ ചെന്നൈയിലെ കോവിഡ് കേസുകള്‍ 30,258 ആണ്. കേസുകള്‍ വര്‍ധിക്കുകയും അസുഖം ഭേദമാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തതോടെയാണ് ആശുപത്രികള്‍ രോഗികളുടെ വെയ്റ്റിങ് ലിസ്റ്റ് ഇട്ടു തുടങ്ങിയത്.

കിടക്കകള്‍ ഒഴിവുണ്ടാകുന്നതിനനുസരിച്ചാണ് ഈ ലിസ്റ്റില്‍ നിന്നാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതിനു പുറമെ ഓരോ ആശുപത്രികള്‍ക്കും വീടുകളില്‍ ചികില്‍സയില്‍ കഴിയുന്ന ആയിരത്തിലേറെ രോഗികളുടെ നിരീക്ഷണ ചുമതലയുണ്ട്. 500 കിടക്കളുള്ള മദ്രാസ് മെഡിക്കല്‍ കോളജ് അതീവ ഗുരുതര രോഗികള്‍ക്കായി മാറ്റി. കില്‍പോക്ക്, സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. നിലവില്‍ 13 ദിവസമാകുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. മേയില്‍ റിപ്പോര്‍ട്ട് ചെയ്തത് 13720 കേസുകള്‍. എന്നാല്‍ ജൂണില്‍ ആദ്യ 12 ദിവസത്തിനിടെ മാത്രം 13,154 പേര്‍ ചെന്നൈയില്‍ രോഗികളായി.

തിങ്കളാഴ്ച ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചര്‍ച്ച നടത്തും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം. അയല്‍ ജില്ലകളിലേക്കു രോഗം പടരുന്നതാണ് പുനരാലോചനയ്ക്കു കാരണം. ചെന്നൈയില്‍ നിന്ന് തിരികെയെത്തിയവരില്‍ വെല്ലൂര്‍, റാണിപേട്ട്, വിഴുപ്പുരം, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലാണ് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നത്. പ്രായമേറിയവരും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും നഗരത്തില്‍ നിന്നു സ്വയം ഒഴിഞ്ഞുപോയി തുടങ്ങി. മറ്റു ജില്ലകളിലേക്കു പോകുന്നതിനായി ശനിയാഴ്ച മാത്രം 5000 പേരാണു പാസിന് അപേക്ഷിച്ചത്. ഇതില്‍ 90 ശതമാനം പേരും മുതിര്‍ന്നവരാണ്.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7