മാതാപിതാക്കള്‍ക്കൊപ്പം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന കേസില്‍ കേസില്‍ 2 പേര്‍ അറസ്റ്റിലായി. കുഞ്ഞിനെ പിന്നീട് തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍(40), ഇയാളുടെ ബന്ധു മണികണ്ഠന്‍(28) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും മോഷ്ടിച്ച 2.5 ഗ്രാം സ്വര്‍ണ ചെയിന്‍ പ്രതികളില്‍ നിന്നു കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരാഴ്ചയ്ക്ക് മുന്‍പ് ചേരീക്കോണം കോളനിയിലാണ് സംഭവം. മോഷണം ലക്ഷ്യമിട്ട് കോളനി പരിസരത്ത് ബൈക്കില്‍ എത്തിയ വിജയകുമാര്‍ ബീമാ മന്‍സിലില്‍ ഷെഫീക്കിന്റെ വീട്ടില്‍ കയറുകയായിരുന്നു. തുറന്നുകിടന്ന പിന്‍വാതില്‍ വഴിയാണ് വീടിനുള്ളില്‍ കയറിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയുടെ കൈയില്‍ കിടന്ന സ്വര്‍ണ ചെയിന്‍ മോഷ്ടിക്കാനായി കുട്ടിയെ എടുത്ത് വീടിനു വെളിയില്‍ കൊണ്ടു വന്നു. സ്വര്‍ണം എടുത്ത ശേഷം സമീപത്തെ പറമ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു.
പിന്നീട് സമീപത്തെ മറ്റൊരു വീട്ടിലും മോഷണത്തിനായി ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട വിജയകുമാറിനെ സമീപവാസി കണ്ടു. ഇരുവരും തമ്മില്‍ സംഘട്ടനം ഉണ്ടായി. സംഘട്ടത്തിനിടെ മോഷ്ടാവ് കോളനി വാസിയായ ഗൃഹനാഥനെ തള്ളിയിട്ട ശേഷം ബൈക്കില്‍ കടന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കുട്ടിയെ പറമ്പില്‍ കണ്ടത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു.
FOLLOW US: PATHRAM ONLINE LATEST NEWS