കോര്‍പറേഷന്‍ ഓഫിസിന്റെ രണ്ടാം നിലയിലുള്ള മേയറുടെ ഓഫിസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയത് എങ്ങനെയെന്നു സംശയം. പാമ്പിനെ കാണുമ്പോള്‍ മേയര്‍ ഹണി ബഞ്ചമിന്‍ ചേംബറില്‍ ഇല്ലായിരുന്നെങ്കിലും ഓഫിസ് കെട്ടിടത്തില്‍ ഉണ്ടായിരുന്നു.
മേയര്‍ ചേംബറിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും തല്ലിക്കൊന്നു. ഒരാഴ്ചയ്ക്കിടയില്‍ കോര്‍പറേഷന്‍ ഓഫിസില്‍ കാണുന്ന നാലാമത്തെ പാമ്പാണ് ഇത്. മറ്റു 3 പാമ്പിനെയും കണ്ടതു താഴത്തെ നിലയിലാണ്. ഹെല്‍ത്ത് ഓഫിസറുടെ മുറിക്കു മുന്നിലും റവന്യു വിഭാഗത്തിനു മുന്നിലും അന്വേഷണ കൗണ്ടറിനു മുന്നിലും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പിനെ കണ്ടത്.
ഇവയെ തല്ലിക്കൊല്ലുകയായിരുന്നു. കോര്‍പറേഷന്‍ ഓഫിസ് ചായം തേച്ചു മോടി പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പാമ്പുകള്‍ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നു കരുതുന്നു. എന്നാല്‍ പടിക്കെട്ടുകള്‍ കയറി പാമ്പ് മേയറുടെ ഓഫിസിനു മുന്നിലെത്തിയത് എങ്ങനെയെന്നാണു ജീവനക്കാരുടെ സംശയം. ദിവസവും ഒട്ടേറെപ്പേര്‍ എത്തുന്ന കോര്‍പറേഷന്‍ ഓഫിസില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്തു തുടര്‍ച്ചയായി പാമ്പിനെ കാണുന്നുണ്ടെങ്കിലും മാളങ്ങള്‍ അടച്ചു സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥ കാണിക്കുന്നതായി പരാതി ഉയരുന്നു.
follow us: pathram online latest news