കൊറോണാവൈറസിനെ കണ്ടാല്‍ പ്രകാശിക്കുന്ന മാസ്‌ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എംഐടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ പ്രധാനപ്പെട്ട ഗവേഷണ യൂണിവേഴ്സിറ്റികളിലൊന്നായ മാസച്ചൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍, ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് പുതിയ മാസ്‌ക് ഉണ്ടാക്കാന്‍ തയ്യാറെടുക്കുന്നത്. .എംഐടിയിലെ ഗവേഷകര്‍ക്ക് ഇതൊരു പുത്തന്‍ ആശയമേയല്ല എന്നതാണ് മറ്റൊരു കാര്യം. കൊറോണാവൈറസ് വരുന്നതിനു മുന്‍പ് തന്നെ എംഐടിയിലെ ബയോ എന്‍ജിനീയറിങ് ലാബ്രട്ടറിയിലെ ജിം കോളിന്‍സിന്റെ മനസില്‍ മഹാവ്യാധികള്‍ക്കെതിരെ പോരാടാനുള്ള പടച്ചട്ടകള്‍ എന്ന ആശയം ഉടലെടുത്തിരുന്നു. അദ്ദേഹത്തിന്റ കീഴിലുള്ള ലാബില്‍ 2014ല്‍ തന്നെ എബോളാ വൈറസിനെതിരെയുള്ള സെന്‍സറുകളെന്ന ആശയം വളര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമം ഉണ്ടായിരുന്നു. എന്നാല്‍, അത് ഇടയ്ക്കുവച്ചു നിര്‍ത്തിക്കളയുകയായിരുന്നു. എംഐടിയിലെയും ഹാര്‍വര്‍ഡിലെയും ഒരു ചെറിയ സംഘം തങ്ങളുടെ ഇക്കാര്യത്തില്‍ നടത്തിയ ഗവേഷണഫലങ്ങള്‍ 2016ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പൊട്ടിപ്പുറപ്പെട്ട സികാ (Zika) വൈറസിനെതിരെയുള്ള നീക്കത്തിലേക്ക് തങ്ങളുടെ ഗവേഷണം തിരിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അവര്‍ തങ്ങളുടെ ശ്രദ്ധ കൊറോണ വൈറസിനെ തുരത്തുന്നതിനാവശ്യമായ കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ്.
അവര്‍ ഇപ്പോള്‍ നിര്‍മിച്ചുവരുന്ന മുഖാവരണം അണിഞ്ഞാല്‍, കൊറോണ വൈറസുള്ള ഒരാള്‍ ഉച്ഛ്വസിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അതിലുള്ള ഫ്ളൂറോസന്റ് ലൈറ്റ് കത്തും. ഇത് വിജയകരമായി പരീക്ഷിക്കാനായാല്‍ ഇതുവരെ നിലവിലുള്ള പല രീതികളും നിര്‍ത്താനായേക്കും. വിമാന ഗതാഗതവും മറ്റും പുനരാരംഭിക്കുമ്പോള്‍ ഇത് എയര്‍പോര്‍ട്ടുകളിലും മറ്റും ഉപയോഗിക്കാനാകും. സുരക്ഷാ ചെക്കിങ് സമയത്ത് ഇതു വളരെ ഉപകാരപ്രദമായിരിക്കുമെന്നാണ് പറയുന്നത്. ജോലി സ്ഥലത്തേക്കു പോകുമ്പോഴും, വരുമ്പോഴും ഇതു വയ്ക്കാം. ആശുപത്രികള്‍ക്ക് അവരുടെ കോമ്പൗണ്ടിലേക്കു കടക്കുന്നവരെയും ഡോക്ടറെ കാണാന്‍ ഇരിക്കുന്നവരെയും നിരീക്ഷിക്കാന്‍ ഉപയോഗിക്കാമെന്നാണ് കോളിന്‍സ് പറയുന്നത്.
ഇതുപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗികളെ തത്സമയം പരിശോധിക്കാം. സാംപിളുകള്‍ ലാബിലേക്ക് അയച്ച് സമയം കളയേണ്ടിവരില്ല. ഇപ്പോള്‍ പോലും പലരുടെയും ടെസ്റ്റ് റിസള്‍ട്ടുകള്‍ കാത്തിരിക്കുമ്പോള്‍ രോഗം മൂര്‍ച്ഛിച്ചു പ്രശ്നമാകുന്നു എന്നത് പല രാജ്യങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് രോഗവ്യാപനം തടയുന്നതിലും പ്രതിബന്ധം സൃഷ്ടിക്കുന്നു. പുതിയ സംവിധാനം വിജയിക്കുകയാണെങ്കില്‍, രോഗികളെ വേഗം തിരിച്ചറിയാനാകുകയും വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കാനാകുകയും ചെയ്യും.
തങ്ങളുടെ പരീക്ഷണങ്ങല്‍ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് കോളിന്‍സ് പറഞ്ഞു. എന്നാല്‍, ഇതുവരെയുള്ള പരീക്ഷണങ്ങള്‍ ഫലംകണ്ടതായും പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ടീമിലുള്ളവര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ഉമിനീരിലുള്ള കൊറോണാവൈറസിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. കൂടാതെ, വളരെയധികം ഉപയോഗപ്രദമാകാന്‍ സാധ്യതയുള്ള ഇത്തരം മാസ്‌ക് ഏതു രീതിയില്‍ രൂപകല്‍പ്പന ചെയ്യണമെന്ന കാര്യത്തെക്കുറിച്ചും പഠിച്ചുവരികയാണ്. ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച, മാസ്‌കിന്റെ അകത്തു സെന്‍സര്‍ പിടിപ്പിക്കുന്നതായിരിക്കുമോ ഗുണകരം, അതോ പുറത്തായിരിക്കുമോ എന്നാണ്. തങ്ങളുടെ സങ്കല്‍പ്പത്തിലുള്ള മാസ്‌ക് അടുത്ത ഏതാനും ആഴ്ചകള്‍ക്കുളളില്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ടീം.
മാസ്‌കിന്റെ പ്രാഥമിക പരീക്ഷണങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ, രോഗമുള്ളതോ, രോഗമുണ്ടെന്നു സംശയമുള്ളതോ ആയ ആളുകളെ വച്ച് തത്സമയ പരീക്ഷണങ്ങള്‍ നടത്തിനോക്കണമെന്നാണ് കോളിന്‍സ് പറയുന്നത്. എന്നാല്‍, വൈറസിനെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വിജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവര്‍ 2018ല്‍ നിര്‍മിച്ച സെന്‍സറുകള്‍ സാര്‍സ്, അഞ്ചാംപനി, ഫ്ളൂ, ഹെപ്പറ്റൈറ്റിസ് സി, വെസ്റ്റ് നൈല്‍ എന്നിവ അടക്കമുളള വൈറസുകളെ തിരിച്ചറിയാനുള്ള കഴിവു നേടിയിരുന്നു. തങ്ങള്‍ ഇത് ആദ്യ ഘട്ടത്തില്‍ പേപ്പറില്‍ പിടിപ്പിച്ചാണ് പരീക്ഷിച്ചത് എന്നാണ് കോളിന്‍സ് പറയുന്നത്. അത് പ്ലാസ്റ്റിക്കിലും ക്വാര്‍ട്സിലും തുണിയിലും സെന്‍സറുകള്‍ പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം പറയുന്നു.
കോളിന്‍സിന്റെ സെന്‍സറില്‍ ജനിതക വസ്തുക്കളാണ് അടങ്ങിയരിക്കുന്നത്- ഒരു വൈറസുമായി ബന്ധപ്പെട്ട ഡിഎന്‍എയും ആര്‍എന്‍എയും. ഇത് പിന്നെ മരവിപ്പിച്ച്-ഉണക്കി (freeze-dry) ഒരു പ്രതലത്തിലേക്ക് പിടിപ്പിക്കുന്നു. ഇതിന് ഉപയോഗിക്കുന്ന യന്ത്രത്തെ വിളിക്കുന്നത് ലയോഫിലൈസര്‍ (lyophilizer) എന്നാണ്. ഈ മെഷീന്‍ ജനിതക വസ്തുക്കളെ നിര്‍ജ്ജീവമാക്കാതെ അവയിലെ ഈര്‍പ്പം വലിച്ചെടുക്കുന്നു. ഇതിന് മുറിയിലെ ഊഷ്മാവില്‍ മാസങ്ങളോളം സുഗമമായി പ്രവര്‍ത്തിക്കാനാകും. ചുരുക്കി പറഞ്ഞാല്‍ ഈ മാസ്‌ക് ദീര്‍ഘകാലത്തേക്ക് പ്രശ്നമില്ലാതെ പ്രവര്‍ത്തിച്ചേക്കും.
സിന്തറ്റിക് ബയോളജി എന്ന വിഭാഗത്തിലെ ഒരു അഗ്രഗാമിയായാണ് കോളിന്‍സ് അറിയപ്പെടുന്നത്. പ്രകൃതിയില്‍ കാണുന്ന സിസ്റ്റങ്ങളെ പുനരാവിഷ്‌കരിക്കുക എന്നതാണ് ഈ പഠനശാഖയുടെ ലക്ഷ്യം. ഇവര്‍ നിര്‍മിച്ചുവരുന്ന മാസ്‌കിന് അധികം വില വന്നേക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
follow us: pathram online latest news