ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യം ആണെന്ന് സുപ്രീം കോടതി. ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുന്ന സാഹചര്യം ആണ്. രോഗികളെ മൃഗങ്ങളേക്കാള്‍ മോശമായാണ് ചികിത്സിക്കുന്നത്. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
കോവിഡ് രോഗികളെ ചിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ദയനീയം ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമങ്ങള്‍ കാണിച്ച ചില ദൃശ്യങ്ങള്‍ ഭയാനകം ആണ്. ആശുപത്രിയില്‍ പ്രവേശനത്തിന് ആയി രോഗികള്‍ പരക്കം പായുകയാണ്. എന്നാല്‍ ചില ആശുപത്രികളില്‍ കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ രോഗികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം ആണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹിയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു. ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളും ആയി താരതമ്യം ചെയ്യുമ്പോള്‍ പരിശോധന കുറവാണ്. പരിശോധനകളുടെ എണ്ണം കൂട്ടേണ്ടത് എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്വം ആണ്. ആള്‍ക്കാര്‍ പരിശോധനയ്ക്ക് അനന്തമായി ആശുപത്രികള്‍ക്കും ലാബുകള്‍ക്കും മുന്നില്‍ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സ്വമേധയാ എടുത്ത കേസില്‍ ഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. അടുത്ത ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും
Follo us: pathram online latest news