ദീര്‍ഘനേരം വെയിലുള്ളത് കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍

ലോകത്ത് കോവിഡ് മൂലം നിരവധി ആളുകളാണ് ദിവസവും മരണപ്പെടുന്നത്. ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തത് മരണ നിരക്ക് കൂട്ടുന്നു. ദിവസവും കോവിഡിനെകുറിച്ച് പുതിയ പുതിയ പഠനങ്ങളാണാണ് പുറത്തുവരുന്നത്. ദീര്‍ഘനേരം വെയില്‍ കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് എറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ചൂടും ഈര്‍പ്പവും കൊറോണ വൈറസിന്റെ വ്യാപനത്തോത് കുറച്ചേക്കാമെങ്കിലും ദീര്‍ഘനേരം വെയിലുള്ള കാലാവസ്ഥ കോവിഡ്-19 സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നല്ല വെയിലുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്നത് രോഗ വ്യാപനം കൂട്ടുമെന്ന് ജിയോഗ്രഫിക്കല്‍ അനാലിസിസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഒരൂ കൂട്ടം ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഋതുക്കളിലുണ്ടാകുന്ന മാറ്റവും ഉയരുന്ന താപനിലയും കോവിഡ് വ്യാപനത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്ന ശാസ്ത്ര ലോക ചര്‍ച്ചകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയാണ് ഈ പഠനം.

പകര്‍ച്ചപ്പനി (ഇന്‍ഫ്ളുവന്‍സ), സാര്‍സ് എന്നിവ പരത്തുന്ന രോഗാണുക്കള്‍ താഴ്ന്ന താപനിലയിലും ഈര്‍പ്പത്തിലുമാണ് നിലനില്‍ക്കുകയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ കോവിഡ്-19 നു കാരണമാകുന്ന സാര്‍സ്-കോവ് 2 നെ പറ്റി ആധികാരിക വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

മഹാമാരി വന്‍ ആഘാതമേല്‍പ്പിച്ച സ്പെയിനിലെ പ്രവിശ്യകളാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. 30 ദിവസത്തെ കാലാവസ്ഥാ വിവരങ്ങളും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണവും പഠനവിധേയമാക്കി. ചൂടും ഈര്‍പ്പവും കൂടുതലായിരിക്കുമ്പോള്‍, ഒരു ശതമാനം രോഗ വര്‍ധനയ്ക്കനുസരിച്ച് മൂന്ന് ശതമാനം വീതം രോഗസാധ്യത താഴേക്ക് പോകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ചൂടുള്ള കാലാവസ്ഥ വൈറസ് വ്യാപനം ചെറുക്കുന്നതു മൂലമാകാം ഇതെന്ന് ഗവേഷകര്‍ കണക്കാക്കുന്നു.

എന്നാല്‍ വെയില്‍ പരക്കുന്നതോടെ ഇതില്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടു. വെയില്‍ എത്ര മണിക്കൂറുകള്‍ കൂടുതല്‍ നില്‍ക്കുന്നോ, അത്രയധികം രോഗവ്യാപനവും വര്‍ധിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. നല്ല വെയിലുള്ള ദിനങ്ങളില്‍ ജനം കൂടുതലായി പുറത്തിറങ്ങുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന നിഗമനത്തിലാണ് ഇവരെത്തിച്ചേര്‍ന്നത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും മുതിര്‍ന്ന പൗരന്മാര്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളില്‍ രോഗവ്യാപനത്തോത് കുറവാണെന്ന ആശ്ചര്യജനകമായ കണ്ടെത്തലും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നു. കൂടുതല്‍ റിസ്‌കുള്ളതിനാലും പ്രായത്തിന്റെ അവശതകള്‍ മൂലവും മുതിര്‍ന്ന പൗരന്മാര്‍ അധികം പുറത്തിറങ്ങാത്തതാകാം ഇതിന് കാരണമെന്നും ഗവേഷണ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

കോവിഡ്-19 ഒരു കാലിക രോഗമാകാമെന്നും മഞ്ഞു കാലത്ത് ഇതിന്റെ അപകടസാധ്യത കൂടുതലാകാമെന്നും ട്രാന്‍സ്ബൗണ്ടറി ആന്‍ഡ് എമര്‍ജിങ് ഡിസീസസില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ഗവേഷണ പഠനവും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular