മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക് തര്‍ക്കം തുടരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി വി. മുരളീധരന്‍ രംഗത്തെത്തി.’മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവന്‍ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ നിര്‍ബന്ധിച്ചെന്ന്. മെയ് 30ന് കേന്ദ്രം ഇറക്കിയ ഉത്തരവില്‍ ജൂണ്‍ 8 ന് ക്ഷേത്രം തുറക്കാമെന്ന് പറഞ്ഞത് ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സന്ധ്യാ പ്രഭാഷണത്തിലെ വാദം.’ മുരളീധരന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ…
ശബരിമലയിൽ ഭക്തരെ കേന്ദ്ര മാനദണ്ഡപ്രകാരം കയറ്റുമെന്ന് ആവർത്തിച്ച ദേവസ്വംമന്ത്രിക്കും സർക്കാരിനും ഇന്നത്തെ യോഗത്തിൽ തന്ത്രി പറഞ്ഞത് കേട്ട് സത്ബുദ്ധിയുണ്ടായതിൽ സന്തോഷം🙏🏼
ഈ കൊവിഡ് കാലത്ത് കാണിക്കയിലും നടവരവിലും കണ്ണു നട്ട ഇടതുസർക്കാരിനും ദേവസ്വം ബോർഡിനും ശബരിമല യുവതി പ്രവേശനം നടപ്പാക്കിയതിന്റെ പൊള്ളൽ ഇത്ര വേഗം മാറിയോ എന്ന് പലരും ആശ്ചര്യപ്പെടുന്നത് കണ്ടെങ്കിലും ഈ പാർട്ടിയുടെയും നേതാക്കളുടെയും തൊലിക്കട്ടി കുറച്ചു കൂടുമെന്നറിയാവുന്നതിനാൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കനൽത്തരി മാത്രമായി ചുരുങ്ങിയിട്ടും അഹന്തയും ഹിന്ദുമത വിശ്വാസികളുടെ മേൽ എന്തുമാകാമെന്ന ഹുങ്കും പൂർണ്ണമായും തീർന്നിട്ടില്ല. ഇന്ന് രാവിലെ വരെ പലരുടെയും മുഖത്തും വാക്കുകളിലും കണ്ട അമിത ആത്മ വിശ്വാസം ഉച്ചയായപ്പോൾ കാറ്റു പോയ ബലൂണായില്ലേ?
തന്ത്രിയുടെ കത്ത് കിട്ടിയില്ല, തന്ത്രിയോട് ചോദിച്ചിട്ടല്ലേ തീയതി കുറിച്ചത്, ബി ജെ പി ക്കാർ മതസ്പർധയുണ്ടാക്കുന്നു….എന്തൊക്കെയായിരുന്നു ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും മാറി മാറിയുള്ള വാഗ്ധോരണി ? മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവൻ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ നിർബന്ധിച്ചെന്ന്! മെയ് 30ന് കേന്ദ്രം ഇറക്കിയ ഉത്തരവിൽ ജൂൺ 8 ന് ക്ഷേത്രം തുറക്കാമെന്ന് പറഞ്ഞത് ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സന്ധ്യാ പ്രഭാഷണത്തിലെ വാദം!
കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളും രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരുമുള്ള സാഹചര്യത്തിൽ ഭക്തരെ കയറ്റേണ്ടെന്ന് തന്ത്രി പറഞ്ഞിട്ടും അത് ദഹിക്കാതെ എന്നെയും ഇതേ അഭിപ്രായം പറയുന്നവരെയും വ്യക്തിപരമായി ആക്ഷേപിച്ച് നടന്നിട്ട് ഇന്നിപ്പോൾ എന്തായി? ഉള്ളതു പറഞ്ഞാൽ കൊള്ളരുതാത്തവനാക്കുന്ന നയവും നിലപാടും നിങ്ങളുടെ ശീലമാണെന്നറിയാം. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ… വിശ്വാസികളെ വെല്ലുവിളിക്കരുത് !!!
follow us: pathram onine latest news