കോവിഡ് വാര്‍ഡിലെ രോഗികള്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാവിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് നിര്‍ദേശം നല്‍കിയത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാന്‍ ഇതുവഴി കഴിയും. ഈ വാര്‍ഡിലെ രോഗികള്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ഓഫിസറുടെ നിരീക്ഷണത്തിലായിരിക്കും. വ്യാഴാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.

കോവിഡ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പറഞ്ഞു. ഇവര്‍ കോവിഡ് വാര്‍ഡിലെ എല്ലാ രോഗികളെയും പരിശോധിക്കുകയും കൗണ്‍സിലിങും ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സലിങും നല്‍കും.

കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സൈക്യാട്രി വിഭാഗത്തിന്റെ കീഴില്‍ സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി പൊലീസുകാരുടെ സേവനവും ഉപയോഗപ്പെടുത്തും.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular