വിരാട് കോലി- രോഹിത്ത് കൂട്ട്‌കെട്ട് പൊളിക്കാന്‍ വഴിതേടി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അംപയറിനെ സമീപിച്ചതായി വെളിപ്പെടുത്തല്‍

ലണ്ടന്‍: ഫോമിലായിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണറായ രോഹിത് ശര്‍മയെ പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍പ്പിന്നെ രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി കൂടി ഫോമിലായാലോ? ഈ കൂട്ടുകെട്ടു പിരിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അത്തരമൊരു വിഷമസന്ധിയില്‍ ഈ കൂട്ടുകെട്ടു പൊളിക്കാന്‍ വഴിതേടി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അംപയറിനെ സമീപിച്ചതായി വെളിപ്പെടുത്തല്‍. ഒരു ഇന്ത്യ–ഓസ്‌ട്രേലിയ മത്സരത്തിനിടെ കോലി–രോഹിത്ത് കൂട്ടുകെട്ടു പൊളിക്കാന്‍ ‘ഐഡിയ’ തേടി ഫിഞ്ച് സമീപിച്ച വിവരം ഇംഗ്ലിഷ് അംപയര്‍ മൈക്കല്‍ ഗഫാണ് വെളിപ്പെടുത്തിയത്.

വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗഫിന്റെ വെളിപ്പെടുത്തല്‍. 2019, 2020ലെ വര്‍ഷങ്ങളിലെ ഇന്ത്യ–ഓസ്‌ട്രേലിയ പരമ്പരകളില്‍ ഉള്‍പ്പെടെ ഇതുവരെ 62 രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ഐസിസി അംപയറാണ് മൈക്കല്‍ ഗഫ്.

‘ഇന്ത്യയും ഓസ്‌ട്രേലിയയിലും തമ്മില്‍ നടന്ന ഒരു മത്സരം എനിക്ക് ഓര്‍മയുണ്ട്. അന്ന് വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് തകര്‍ത്തടിച്ച് വലിയ കൂട്ടുകെട്ടിലേക്കു നീങ്ങുകയാണ്. സ്‌ക്വയര്‍ ലെഗ്ഗില്‍ നില്‍ക്കുകയായിരുന്ന എന്റെ തൊട്ടടുത്താണ് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡ് ചെയ്തിരുന്നത്. ഈ രണ്ട് ഇതിഹാസ താരങ്ങളുടെ ബാറ്റിങ് വീക്ഷിക്കുന്നത് എത്രയോ അവിശ്വസനീയമാണെന്ന് ഫിഞ്ച് എന്നോട് പറഞ്ഞു’ – ഗഫ് വിശദീകരിച്ചു.

‘അടുത്തതായി, ഇവര്‍ക്കെതിരെ എങ്ങനെയാണ് ബോള്‍ ചെയ്യേണ്ടതെന്നായിരുന്നു ഫിഞ്ചിന്റെ ചോദ്യം. ഞാന്‍ അദ്ദേഹത്തെ നോക്കിയിട്ട് പറഞ്ഞു: എനിക്ക് ഇവിടെ ആവശ്യത്തിലധികം ജോലിയുണ്ട്. താങ്കളുടെ ജോലി താങ്കള്‍ തന്നെ ചെയ്യുക’ – ഗഫ് വെളിപ്പെടുത്തി.

മത്സരം ഏതാണെന്ന് ഗഫ് വ്യക്തമാക്കിയില്ലെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവില്‍ നടന്ന ഇന്ത്യ–ഓസ്‌ട്രേലിയ മൂന്നാം ഏകദിനമാകാനാണ് സാധ്യത. അന്ന് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കോലിയും രോഹിത്തും സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തിരുന്നു. അന്ന് സെഞ്ചുറി നേടിയ രോഹിത് 119 റണ്‍സും കോലി 89 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന്റെ മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് വിജയത്തോടെ പരമ്പര 2–1ന് സ്വന്തമാക്കുകയും ചെയ്തു

Follow us: pathram online

pathram:
Related Post
Leave a Comment