ഭർത്താവിന്റെ വിയോഗ വാർത്ത അറിയാതെ ആതിര അമ്മയായി…

കോഴിക്കോട്: ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല.

ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ല. ഇന്നലെ ഷാർജയിൽ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര.

ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ​ മാസമാണു നാട്ടിലെത്തിയത്. ലോക്‌ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല.

ഒപ്പം ജോലി ചെയ്യുന്ന അനുവാണ് ദുബായ് ഇന്റർനാഷനൽ സിറ്റിയിലെ ഫ്ലാറ്റിൽ നിഥിന്റെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്നത്. രാവിലെ എഴുന്നേറ്റ് നിഥിനെ ഉറക്കെ വിളിച്ചശേഷം പ്രഭാത കൃത്യങ്ങൾക്കു അനു ശുചിമുറിയിൽ കയറി. പക്ഷേ തിരിച്ചിറങ്ങി വന്നു വിളിച്ചിട്ടും നിഥിൻ എഴുന്നേൽക്കാതായതോടെ തൊട്ടടുത്ത മുറിയിലെ പ്രവീണിനെ വിളിക്കുകയായിരുന്നു. ഉടൻ തന്നെ ആരോഗ്യവകുപ്പ് ആംബുലൻസിൽ വിവരം അറിയിക്കുകയായിരുന്നെന്ന് പ്രവീൺ പറഞ്ഞു.

അവരെത്തി രാവിലെ ഏഴേകാലോടെ മരണം സ്ഥിരീകരിച്ചു. മൂന്നു മണിക്കൂർ മുൻപെങ്കിലും മരണം നടന്നിരിക്കാമെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നെഞ്ചുവേദനയെ തുടർന്ന് നിഥിനെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രോട്ടീൻ സംയുകത്മായ ട്രോപ്പോണിൻ രക്തത്തിൽ കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു.

മരുന്നുകൾ തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ചയും ഇവിടെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. പേടിക്കാനില്ലെന്നും മരുന്നുകൾ തുടർന്നോളാനാണ് ഡോക്ടർ പറഞ്ഞതെന്നും പ്രവീൺ പറഞ്ഞു. ഇൻകാസ് യൂത്ത് വിങ്ങിന്റെ മെഡിക്കൽ വിങ് കോഓർഡിനേറ്റർ കൂടിയായ നിഥിൻ രക്ത ദാതാക്കളുടെ സംഘടന ബിഡികെ (ബ്ലഡ് ഡോണേഴ്സ് കേരള) വൊളന്റിയറുമായിരുന്നു. വെള്ളിയാഴ്ച റോളയിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കാനും നിഥിൻ മുന്നിലുണ്ടായിരുന്നെന്ന് ഇൻകാസ് യൂത്ത് വിങ് വൈസ് പ്രസിഡന്റ് ബിപിൻ ജേക്കബ് പറഞ്ഞു.

‘അവനെ ആർക്കും മറക്കാനാവില്ല. പരിപാടികൾ ജയിപ്പിക്കാൻ ഊണും ഉറക്കവും കളഞ്ഞ് നിൽക്കും. വഴക്കു പറഞ്ഞാണ് പലപ്പോഴും മുറിയിൽ പറഞ്ഞു വിടുന്നത്. സഹോദരനെയാണ് നഷ്ടപ്പെട്ടത്. കോവിഡ് ദുരിതബാധിതർക്ക് ഭക്ഷണ വിതരണത്തിനും നിഥിൻ ഉണ്ടായിരുന്നു.’- ബിപിൻ പറഞ്ഞു. ഉടൻ തന്നെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7