തിരുവനന്തപുരം കഠിനംകുളം പീഡനശ്രമക്കേസിലെ മുഖ്യപ്രതികളിലൊരാളായ നൗഫൽ പിടിയിൽ. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. നൗഫലിന്‍റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിലെ ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫല്‍ ഒളിവിലായിരുന്നു.
അതേസമയം, ഇന്നലെ റിമാന്‍റ് ചെയ്ത ആറ് പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോൾ ഈ വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭർത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭർത്താവിന്‍റെ സുഹൃത്തുക്കളിലൊരാൾ എത്തി തന്നെ വിളിച്ച് ഭർത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭർത്താവിന്‍റെ സുഹൃത്തുക്കളായ മറ്റ് നാലുപേർ എത്തി, തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.