പരിസ്ഥിതി ദിനം: ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ ഈ വര്‍ഷം നടും: മുഖ്യമന്ത്രി

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. അതിന്റെ ഫലമായി ആഗോള താപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും കൊടും വരള്‍ച്ചകളും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വലിയ വെല്ലുവിളികളാണ് ഇക്കാലത്ത് മനുഷ്യന്‍ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഈ പ്രതിസന്ധി മറിടക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നുന്ന വികസന നയങ്ങളാണ് നമുക്ക് വേണ്ടത്. കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുക, വനവത്കരണം ഊര്‍ജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന്‍ നടപ്പിലാക്കി. മിഷന്റെ നേതൃത്വത്തില്‍ 2016 -17 വര്‍ഷം 86 ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തില്‍ നട്ടു. 2017 -18 ല്‍ ഒരു കോടി, 2018 -19 ല്‍ രണ്ട് കോടി, 2019-20 ല്‍ മൂന്ന് കോടി ഇത്തരത്തിലാണ് വൃക്ഷത്തൈകള്‍ നടാന്‍ പദ്ധതിയിട്ടത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും കൃത്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനും പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

ലോകത്തെ പിടിച്ചുകുലുക്കിയ പല മഹാമാരികളും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നവയാണ്. സാര്‍സ് തുടങ്ങി ഈ അടുത്ത് സംഭവിച്ച നിപ്പ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമൊക്കെയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കള്‍ എത്തുന്നതിന് കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രോഗങ്ങള്‍ തടയണമെങ്കില്‍ മനുഷ്യന്‍ അവന്റെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ പോര, അവന്‍ ജീവിക്കുന്ന പ്രകൃതിയുടെയും അതിലെ മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യം കൂടി സംരക്ഷിക്കണം.

ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടല്‍. ആ വിശാല ലക്ഷ്യം പടിപടിയായി നാം കൈവരിക്കേണ്ടതാണ്. ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് പരിസ്ഥിതി ദിനം നാം ആചരിക്കുക. ജൂണ്‍ അഞ്ചിന് 81 ലക്ഷം തൈകള്‍ നടും. ജൂലൈ ഒന്നുമുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ നടും. ഭൂമിക്ക് കുടചൂടാന്‍ ഒരു കോടി മരങ്ങള്‍ എന്ന തലക്കെട്ടിലാണ് ഈ പദ്ധതി നടപ്പിലാക്കുക. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ രീതി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ്. അതിന്റെ ഭാഗമായാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിക്കായി അടുത്ത ഒരു വര്‍ഷം 3680 കോടിരൂപ ചെലവിടും. പ്രകൃതി വിഭവങ്ങള്‍ വിവേക പൂര്‍വം വിനിയോഗിച്ചും അവയുടെ തുല്യ വിതരണം ഉറപ്പാക്കിയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7