നീല സാരിയില്‍ എത്തിയ ടീച്ചറെ ‘നീലടീച്ചറാക്കി’ …ഇതൊക്കെ വീട്ടില്‍ താനെ തീര്‍ക്കാവുന്ന രോഗമേ ഉള്ളു…വെന്ന് വിനീത കോശി

ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ നീല സാരിയില്‍ എത്തിയ ടീച്ചറെ ‘നീലടീച്ചറാക്കി’ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി വിനീത കോശി. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ക്ലാസ് എടുക്കാന്‍ വന്ന അധ്യാപികയ്ക്ക് എതിരെയായിരുന്നു സൈബര്‍ ആക്രമണം ഉണ്ടായത്. ‘ബ്ലൂ ടീച്ചര്‍’ എന്ന പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഇടുകയായിരുന്നു.

വിനീത കോശിയുടെ കുറിപ്പ് വായിക്കാം:

ഈ മുകളില്‍ കാണുന്ന സ്‌ക്രീന്‍ഷോട്ട്‌സ് ഒക്കെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത ഒരു ടീച്ചറിനെ പറ്റിയാണ്. ടീച്ചര്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാവും ഏതു നേരത്താണോ നീല സാരി ഉടുക്കാന്‍ തോന്നിയത് എന്ന്. സത്യത്തില്‍ ടീച്ചര്‍ ഇനി ഏതു കളര്‍ സാരി ഉടുത്താലും ഇതൊക്കെ തന്നെ കേള്‍ക്കേണ്ടി വന്നേനെ.

ഈ കമന്റ് പറഞ്ഞ ചേട്ടന്മാരെ നമുക്ക് ഒരിക്കലും തെറ്റ് പറയാന്‍ പറ്റില്ല. കാരണം ഇത് ഒരുതരം രോഗം ആണ്. ഇതിനു എതിരെ എത്ര പ്രതിഷേധം നടന്നാലും ഇതൊന്നും മാറാനും പോണില്ല. പക്ഷേ ചില പൊടി കൈകള്‍ ഉപയോഗിച്ച് ഇത് വീട്ടില്‍ തന്നെ മാറ്റാന്‍ കഴിയും.

ചെയ്യേണ്ടത് ഇത്ര മാത്രം : ആദ്യം നിങ്ങള്‍ക്കു ഏറ്റവും പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വിഡിയോ എടുക്കുക എന്നിട്ടു ഈ ടീച്ചറിനെ പറഞ്ഞ അതെ കമന്റ് ഒക്കെ പറഞ്ഞു നോക്കുക. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക. ഉറപ്പായും ഭേദം ഉണ്ടാകും.

ഇതൊക്കെ വീട്ടില്‍ താനെ തീര്‍ക്കാവുന്ന രോഗമേ ഉള്ളു. അതിനു ഇനി പൊലീസിനെ ഒക്കെ ഇടപെടുത്തി, ഈ കോവിഡ് കാലത്തു അവര്‍ക്കു കൂടുതല്‍ തലവേദന ഉണ്ടാക്കണോ. മാത്രമല്ല വല്ലവന്റേം പെണ്ണിനേയും ഭാര്യേനെയും അമ്മയേം ഒക്കെ പറഞ്ഞു നാട്ടുകാരുടെ കൈയില്‍ നിന്ന് ഇത്രേം തെറിയും വാങ്ങേണ്ട ആവശ്യവും ഇല്ല.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular