ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ നാല് മുതല്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ അനുമതി

ഗുരുവായൂര്‍: ജൂണ്‍ നാല് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജൂണ്‍ നാല് മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചു.

പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിംഗ് ഉടനെ ആരംഭിക്കും. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റീന്‍ നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.

വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്. വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്‌സ് സ്റ്റാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ ബുക്കിംഗ് കൗണ്ടര്‍ ആരംഭിക്കും.

വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, സിറ്റി പൊലീസ് മേധാവി ആര്‍ ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7