കിന്‍ഷാസ: കൊറോണ മാത്രമല്ല ഭീഷണി ഉയര്‍ത്തി എബോളയും വരുന്നു. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് എബോള വീണ്ടും തലപൊക്കിയത്. ഇക്വാചുര്‍ പ്രവിശ്യയിലെ വംഗതയില്‍ ഇതിനകം ഏഴു പേര്‍ക്ക് എബോള സ്ഥിരീകരിച്ചു. നാലു പേര്‍ മരണമടഞ്ഞു. മൂന്നു പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
മാനവകുലത്തിനു നേര്‍ക്കുള്ള ഭീഷണി കൊവിഡ് 19 മാത്രമല്ലെന്നുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറഞ്ഞു. ഈ മഹാമാരിയിലാണ് നമ്മുടെ ശ്രദ്ധഏറെയും. മറ്റ് ആരോഗ്യവിഷയങ്ങളും നിരീക്ഷിക്കുന്നതും പ്രതികരിക്കുന്നതും സംഘടന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
1976 ല്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ഭീതി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി ജീവനുകള്‍ അപഹരിച്ചു. 11ാം തവണയാണ് കോംഗോയില്‍ എബോള ബാധിക്കുന്നത്. 2018 ഓഗസ്റ്റില്‍ ഉണ്ടായ വൈറസ് ബാധയില്‍ ഇതുവരെ 2,243 പേര്‍ മരിച്ചു. ഇതുവരെ അത് അവസാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോംഗോയിലെ 25 പ്രവിശ്യകളില്‍ ഏഴിടത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. 3000 ഓളം പേര്‍ രോഗികളായി. 72 പേര്‍ മരിച്ചു. എന്നാല്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കോംഗോയില്‍ കൊവിഡ് പരിശോധന കുറവാണെന്നും അതിനാല്‍ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
Follow us _ pathram online