കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക് : കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍. ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍നിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു ഗ്രെഗര്‍ തന്റെ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തില്‍ പറയുന്നു.

മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണു രോഗങ്ങള്‍ക്കു കാരണമാകുക. മൃഗങ്ങളെ പരിപാലിക്കുന്നതും അവയെ കൊന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യനെ ദുര്‍ബലമാക്കുന്നുവെന്നും ഗ്രെഗര്‍ പുസ്തകത്തില്‍ കുറിക്കുന്നു. ക്ഷയരോഗത്തിനു കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍നിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തില്‍നിന്നും കുഷ്ഠരോഗം പോത്തില്‍നിന്നും വില്ലന്‍ചുമ പന്നികളില്‍നിന്നുമാണു മനുഷ്യരിലെത്തിയത്.

കോവിഡിനെപ്പോലെ മനുഷ്യനും രോഗവാഹകരായ ജന്തുക്കള്‍ക്കുമിടയില്‍ പാലമായി ചില ജന്തുവര്‍ഗങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളില്‍ നിന്നാണ് ഇന്‍ഫ്‌ലുവെന്‍സ വൈറസ് പടര്‍ന്നത്. 1918–20 വര്‍ഷങ്ങളില്‍ പടര്‍ന്ന ഈ വൈറസ് ബാധയില്‍ 50 കോടി ആളുകളാണു മരിച്ചത്. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ക്കും വൈറസ് ബാധിച്ചിരുന്നു.

കോഴികള്‍ അടക്കമുള്ള പക്ഷികളെ ഫാമുകളില്‍ ചിറകു വിടര്‍ത്താന്‍ പോലും കഴിയാത്ത തരത്തിലാണു വളര്‍ത്തുന്നത്. വിസര്‍ജ്യത്തില്‍നിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങള്‍ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. കോഴികളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ വൃത്തിയും ശുദ്ധിയും വരുത്തിയാല്‍ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാം. 20–ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവര്‍ത്തനമാണെന്നും ഗ്രെഗര്‍ ചൂണ്ടിക്കാട്ടുന്നു.

Follow us on patham online news

pathram:
Related Post
Leave a Comment