‘ധോണിയുടെ വിരമിക്കല്‍’ ഹാഷ്ടാഗ് തരംഗത്തിന് സാക്ഷിയുടെ മറുപടി.. ‘ധോണി ഒരിക്കലും ക്ഷീണിക്കാറില്ല’ ഹാഷ്ടാഗും തരംഗമായി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ‘ധോണിയുടെ വിരമിക്കല്‍’ #DhoniRettires ഹാഷ്ടാഗുമായി ആഘോഷിച്ച ദിനം തീരാന്‍ മൂന്നു മിനിറ്റു മാത്രം ശേഷിക്കെ ഈ വിവരം തള്ളി ധോണിയുടെ ഭാര്യ സാക്ഷി തന്നെ രംഗത്തുവന്നതോടെ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് ധോണി ഒരിക്കലും ക്ഷീണിക്കാറില്ല (#DhoniNeverTires) ഹാഷ്ടാഗ് തരംഗം.

”എല്ലാം വെറും അഭ്യൂഹങ്ങള്‍ ആള്‍ക്കാരുടെ മാനസികനിലയെ ലോക്ഡൗണ്‍ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. ” – ‘ധോണിയുടെ വിരമിക്കല്‍’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ബുധനാഴ്ച രാത്രി 11.57 ന് ധോണിയുടെ ഭാര്യ സാക്ഷി സിങ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാര്‍ത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമര്‍ഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി. നിലപാടു വ്യക്തമാക്കിയ ശേഷം സാക്ഷി തന്നെ സ്വന്തം ട്വീറ്റ് ട്വിറ്ററില്‍ നിന്ന് നീക്കിയെങ്കിലും ആ ട്വീറ്റിന്റെ കൂടി ചിത്രവുമായാണ് പലരും സമൂഹമാധ്യമങ്ങളില്‍ ധോണിക്കെതിരായ അഭ്യൂഹങ്ങള്‍ അടിച്ചുപരത്താനെത്തിയത്.

മുന്‍ ഇന്ത്യന്‍ നായകനെ പ്രതിരോധിക്കാന്‍ ഭാര്യ സാക്ഷി രംഗത്തുവരുന്നത് ഇതാദ്യമായല്ല. 2019 സെപ്റ്റംബറിലും ഇത്തരത്തില്‍ ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കെതിരെ സാക്ഷി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കു ധോണി മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ധോണിക്ക് മടങ്ങിയെത്താന്‍ അവസരമുണ്ടെന്നാണ് ടീമിലെ ഹെഡ് കോച്ച് രവി ശാസ്ത്രി മുന്‍പ് പ്രതികരിച്ചത്. എന്നാല്‍ മുന്‍ ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിനെപ്പോലെയുളളവര്‍ ധോണിക്കുമപ്പുറം യുവപ്രതിഭകള്‍ക്ക് അവസരം കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നകന്നു നില്‍ക്കുമ്പോഴും ഐപിഎല്‍ 2020 നായി ധോണി പരിശീലനം നടത്തിയിരുന്നു. ഐപിഎല്ലിലെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലനപരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തു വന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് മഹാമാരി ചെറുക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതോടെ ഈ പരിശീലനക്യാംപ് റദ്ദാക്കുകയായിരുന്നു.

Follow us on patham online news

pathram:
Leave a Comment