ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതു മലയാളി ഉള്‍പ്പെടെ 412 പേര്‍. ഇതോടെ ആകെ മരണസംഖ്യ 37,460 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്നുദിവസമായി നൂറിനടുത്തു മാത്രം നിലനിന്ന മരണനിരക്ക് പെട്ടെന്ന് നാനൂറിനു മുകളിലെത്തിയതു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയുടെ പ്രത്യേകത മൂലമാണ്. വാരാന്ത്യങ്ങളില്‍ സംഭവിക്കുന്ന മരണങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും സര്‍ക്കാര്‍ കണക്കില്‍ രേഖപ്പെടുത്തുന്നതും തിങ്കളാഴ്ചയ്ക്കു ശേഷമാണ്. ഇതിനാലാണു ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ മരണനിരക്കു പതിവായി കുറയുന്നതും ചൊവ്വാഴ്ച ഇത് കുത്തനെ ഉയരുന്നതും. ഈ വാരാന്ത്യം ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആയിരുന്നതനാല്‍ ചൊവ്വാഴ്ചയും മരണനിരക്ക് കുറച്ചാണ് രേഖപ്പെടുത്തിയത്.
രോഗവ്യാപനം തടയുന്നതിന് രാജ്യത്ത് പുതുതായി ആവിഷ്‌കരിക്കുന്ന കോണ്‍ടാക്ട് ട്രേസിംങ് സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയുള്ള ഈ കോണ്‍ടാക്ട് ട്രേസിങ്ങിലൂടെ രോഗികളുമായി ബന്ധപ്പെടുന്നവരെ കണ്ടെത്തി മറ്റുള്ളവര്‍ക്ക് ഇവരില്‍നിന്നും അകലം പാലിക്കാനാകും. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടു എന്ന് ഉറപ്പുള്ളവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീനൊപ്പം രോഗപരിശോധനയും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ സംവിധാനം നിലവിലെ ജീവിതരീതി തന്നെ മാറ്റുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ഇത് മാജിക് ബുള്ളറ്റല്ലെന്നും അഞ്ചുമുതല്‍ 15 ശതമാനം വരെ രോഗവ്യാപനം തടയാനെ ഇത് ഉപകരിക്കൂ എന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതിനിടെ, ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്നലെ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 15 ആയി. മകളെയും കുടുംബത്തെയും കാണാന്‍ നാട്ടില്‍നിന്നും എത്തിയ തൃശൂര്‍ കല്ലൂര്‍ ചിറയത്ത് തെക്കേത്തല സണ്ണി ആന്റണി (61) ആണ് ഇന്നലെ രാവിലെ നോര്‍ത്താംപ്റ്റണില്‍ മരിച്ചത്. ഭാര്യയോടൊപ്പം നാട്ടില്‍നിന്നും ആഴ്ചകള്‍ക്കു മുമ്പ് ഇവിടെയെത്തിയ സണ്ണി ആന്റണി നോര്‍ത്താംപ്റ്റണ്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീട് ബ്രിട്ടനില്‍തന്നെ നടത്തും. കല്ലൂര്‍ കിഴക്കേപ്പള്ളി ഇടവകാംഗമാണ്.