കുഞ്ഞിനെ കണ്ടെത്തി; ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും

അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിന്റെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഇന്നു രാവിലെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും. സൂരജിന്റെ നാട്ടില്‍ത്തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിനു കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടെങ്കിലും സൂരജിന്റെ വീട്ടുകാര്‍ കുട്ടിയെ മാറ്റിയിരുന്നു.

ഉത്രയുടെ വീട് സന്ദര്‍ശിച്ച വനിതാകമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നിര്‍ദ്ദേശനുസരണം ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുകയും കുട്ടിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കെതിരെ വനിതാകമ്മീഷനും കേസെടുത്തിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 2: 30ന് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ അഡ്വ.കെപി. സജിനാഥ് ഉത്തരവിറക്കി.

ഈ ഉത്തരവിന്റെ പകര്‍പ്പുമായി അഞ്ചല്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ ഉത്രയുടെ പിതാവ് വിജയസേനന്‍ ഉത്തരവിന്റെ പകര്‍പ്പ് അഞ്ചല്‍ സിഐക്ക് കൈമാറി. കുട്ടിയെ അഞ്ചല്‍ പൊലീസ് സ്‌റ്റേഷനിലെത്തിക്കാന്‍ സൂരജിന്റെ മാതാപിതാക്കളെ അറിയിച്ചു എങ്കിലും കുട്ടിയെ വിട്ട് നല്‍കാന്‍ ആകില്ലെന്ന് നിലപാടിലായിരുന്നു ഇവര്‍. തുടര്‍ന്ന് അടൂര്‍ പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയെ വീണ്ടെടുക്കാന്‍ അഞ്ചല്‍ പൊലീസ് ശ്രമിച്ചു.

അഞ്ചല്‍ പൊലീസ് ഉദ്യോഗസ്ഥരും അടൂര്‍ പൊലീസും സംയുക്തമായി പറക്കോടുള്ള സൂരജിന്റെ വീട് പരിശോധിച്ചെങ്കിലും സൂരജിന്റെ മാതാപിതാക്കളേയും സഹോദരിയേയും കുട്ടിയേയും കണ്ടെത്താനായില്ല. വനിതാ കമ്മീഷന്റെ കേസ് നിലനില്‍ക്കെ പൊലീസ് എത്തിയപ്പോഴേക്കും സൂരജിന്റെ വീട്ടുകാര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സൂരജിന്റെ ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കുട്ടിയെ ഏറ്റുവാങ്ങാന്‍ ഉത്രയുടെ അച്ഛനും ബന്ധുക്കളും എത്തിയെങ്കിലും കുട്ടിയെ വിട്ടുനല്‍കാന്‍ സൂരജിന്റെ കുടുംബം തയാറായില്ല. കുഞ്ഞിനെ ഇന്നു തന്നെ തിരിച്ചേല്‍പിക്കണമെന്ന് പൊലീസ് സൂരജിന്റെ വീട്ടുകാരോട് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.

കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ് ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടില്‍ത്തന്നെയുണ്ടെന്ന കണക്കുകൂട്ടലില്‍ പൊലീസ് രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. പൊലീസിന്റെ സമ്മര്‍ദം മൂലം ഒടുവില്‍ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛന്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര കുടുംബവീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷ് എന്ന കല്ലുവാതുക്കല്‍ സ്വദേശി സുരേഷും ആണ് അറസ്റ്റിലായത്. കൊലപാതകം വിചിത്ര ശൈലിയിലുള്ളതായിരുന്നു. 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. സാമ്പത്തികനേട്ടവും മറ്റൊരു വിവാഹം കഴിക്കാനുള്ള ഉദ്ദേശവും സൂരജിനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജിന് പാമ്പിനെ കൈമാറിയത് സുരേഷാണ്. കൊലപാതകത്തെ കുറിച്ച് സുരേഷിന് അറിവുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് സൂരജിനെയും സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂര്‍ഖനെയാണ് സുഹൃത്തില്‍ നിന്ന് വാങ്ങിയതെന്ന് സൂരജ് സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിന്റെ തയ്യാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു. രണ്ടുതവണയാണ് ഉത്രക്ക് പാമ്പുകടിയേറ്റത്. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വെച്ച് രാത്രിയാണ് ആദ്യം പാമ്പ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്.

പിന്നീട് ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്പ് കടിച്ചത്. മൂര്‍ഖന്‍ പാമ്പായിരുന്നു കടിച്ചത്. പിന്നീട് മരിക്കുകയും ചെയ്തു.സ്വകാര്യ ബാങ്കിലെ പണമിടപാടുമായി ബന്ധപ്പെട്ട മികച്ച ജോലി, സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ ചെറുപ്പക്കാരനായ മകന്‍. ഈ നല്ല ജീവിതത്തില്‍നിന്നാണ് സൂരജ് കൊലപാതകിയുടെ വേഷം അണിയുന്നത്. സാമ്പത്തിക അതിമോഹമായിരുന്നു അതിന്റെ കാരണമെല്ലാം. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാന്‍ തീരുമാനിച്ചു. ഉത്രയെ കൊല്ലാന്‍ മൂന്നുമാസം മുമ്പ് പദ്ധതി തയ്യാറാക്കി. പിന്നീട് യൂട്യൂബ് വീഡിയോകളില്‍ നിന്നും പാമ്പിനെ മെരുക്കാന്‍ പഠിച്ചു. ഇതിനായി 50ളം വീഡിയോകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചു. വന്യജീവി സ്‌നേഹികളുമായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള ചാറ്റിംഗിലും പ്രധാനവിഷയം പാമ്പുപിടുത്തവുമായി ബന്ധപ്പെട്ടത് തന്നെ.

ആദ്യം ഉത്രയെ കടിപ്പിച്ച അണലിയെ വീടിന്റെ ടെറസില്‍ നിന്നും പറമ്പിലേയ്ക്ക് എറിഞ്ഞു. ദൗത്യം കഴിഞ്ഞ് മൂര്‍ഖനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടടിത്ത് അങ്കലാപ്പ് തുടങ്ങി. പുലര്‍ച്ചെ 4 മണിക്ക് കസ്റ്റഡിയിലായ സൂരജ് കുറ്റം ഏറ്റുപറഞ്ഞത് 11 .30 തോടെ. ഉത്രയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കിയ ശേഷം മറ്റൊരു വിവാഹം കഴിക്കുന്നതിനായിരുന്നു സൂരജിന്റെ പദ്ധതിയന്നും മൂന്നുമാസം മുമ്പ് സ്വയം ആലോചിച്ച് ഉറപ്പിച്ച തീരുമാനപ്രകാരമാണ് ഉത്രയെ അതിക്രൂരമായി വകവരുത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

FOLLOW US ON PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7