കൊല്ലം: യുട്യൂബ് പഠനം മുതല്‍ കൈകളുടെ ചലനവേഗ പരിശീലനം വരെ… നാളുകള്‍ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താന്‍ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു.
ഇതിനായി വഴികള്‍ പലതും ആലോചിച്ച ശേഷമാണു പാമ്പിലേക്ക് എത്തിയത്. 6 മാസത്തോളം യുട്യൂബില്‍ പാമ്പുകളെക്കുറിച്ചുള്ള വിഡിയോ കണ്ടു. പാമ്പു പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിന്റെ വിഡിയോ കണ്ടാണു സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്.
അന്‍പതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോണ്‍ രേഖകളില്‍ വ്യക്തമായി. 3 തവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷ് പഠിപ്പിക്കുകയും ചെയ്തു. കൈകളുടെ ചലനവേഗം നിയന്ത്രിക്കുന്നതായിരുന്നു ഇതില്‍ പ്രധാനം.
അണലിയെയാണ് 10,000 രൂപയ്ക്ക് ആദ്യം സൂരജ് വാങ്ങിയത്. പരീക്ഷണാര്‍ഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനെയാണ് ആദ്യം സൂരജിന്റെ വീട്ടിലെ പടിക്കെട്ടുകള്‍ക്കു മുകളിലിട്ടത്. എന്നാല്‍ ആദ്യ ശ്രമം പാളി. പിന്നീട് ഉത്രയുടെ കാലില്‍ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ. അന്നു പക്ഷേ, ഭാഗ്യം ഉത്രയുടെകൂടെയായിരുന്നു.
പിന്നീടു വീണ്ടും സുരേഷിനെ ബന്ധപ്പെട്ടാണു മൂര്‍ഖനെ വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ മേയ് 7നു പുലര്‍ച്ചെ കടിപ്പിച്ചു. ഇതിനു മുന്‍പു പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയില്‍ വച്ചു.
സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരന്‍ വാവ സുരേഷാണ് കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാവ സുരേഷുമായി ബന്ധമില്ലെന്നു മനസ്സിലായി. പൊലീസ് വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ പൂര്‍ണ വിവരണം ഇയാള്‍ കൃത്യമായി നല്‍കി.