ബിജെപിക്കു അതേ നാണയത്തില്‍ മറുപടിയുമായി ശിവസേന; മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് സമയം പാഴാക്കലായാണു പിണറായി ചിന്തിക്കുന്നു;കേരള മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും സേന

മുംബൈ : കേരളത്തിന്റെ കോവിഡ് പ്രതിരോധം ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വിമര്‍ശിച്ച ബിജെപിക്കു അതേ നാണയത്തില്‍ മറുപടിയുമായി ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണു സംസ്ഥാന ബിജെപിയെ കുറ്റപ്പെടുത്തുന്നത്. കോവിഡ് നേരിടുന്നതില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയമാണെന്നു സ്ഥാപിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ബിജെപി മഹാരാഷ്ട്ര ഘടകം പുകഴ്ത്തിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കേരള മോഡലിനെക്കുറിച്ച് നന്നായി പഠിച്ചിട്ടില്ലെന്നാണു തോന്നുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പിന്തുടരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് സമയം പാഴാക്കലായാണു പിണറായി ചിന്തിക്കുന്നത്’– മുഖപ്രസംഗം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയ്ക്കു പകരം ചന്ദ്രകാന്ത് പാട്ടീലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേരളത്തിലാണു സമരം നടത്തേണ്ടതെന്നും ശിവസേന പരിഹസിച്ചു.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി ചുക്കാന്‍ പിടിക്കുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് എന്തെങ്കിലും നിര്‍ദേശം തരാനുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് അതാവാം. മുഖ്യമന്ത്രിയുമായി അവര്‍ക്കു ചര്‍ച്ച നടത്താം. അങ്ങനെ ചെയ്യുന്നതില്‍ പ്രതിപക്ഷത്തിനു നാണക്കേടുണ്ടോ? അതോ അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ?– ശിവസേന ചോദിച്ചു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭരണപരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചു വിവരിക്കാനാണു കേരള സര്‍ക്കാരിനെ പാട്ടീല്‍ പുകഴ്ത്തിയത്. മുംബൈയിലെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്ന് ആരോപിച്ച പാട്ടീല്‍ പാവപ്പെട്ടവര്‍ക്കു പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7