ന്യൂഡല്‍ഹി : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിദ്യാര്‍ഥികളുടെ അക്കാദമിക താല്‍പര്യം കണക്കിലെടുത്താണ് എല്ലാ സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനു ലോക്ഡൗണ്‍ നടപടികളില്‍ നിന്ന് ഇളവ് അനുവദിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടേയും അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലാ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്ത് അയച്ചു. പരീക്ഷ നടത്തിപ്പിനുള്ള തീയതി സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണായും പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടത്. കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല.
മറ്റു നിര്‍ദ്ദേശങ്ങള്‍
വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം
പരീക്ഷ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം; തെര്‍മല്‍ സ്‌ക്രീനിങ്ങും സാനിറ്റൈസറും ഉറപ്പുവരുത്തണം.
വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ പ്രത്യേക ബസുകള്‍ ക്രമീകരിക്കണം.