മോഹന്‍ലാലിനെ കുറിച്ച് തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. സ്‌ക്രീനില്‍ ലാല്‍ സാറിന്റെ അഭിനയം കണ്ട് വിസ്മയിച്ച ഒരാളാണ് താനും. പക്ഷേ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോഴാണ് ആ സ്വാഭാവിക അഭിനയത്തിന്റെ രഹസ്യം മനസിലായത്. ജീവിതത്തില്‍ ഇത്രയധികം പോസിറ്റീവായ അധികം പേരെ ഞാന്‍ കണ്ടിട്ടില്ല. മറ്റെല്ലാം പ്രശ്‌നങ്ങളും മാറ്റിവച്ച്, സന്തോഷവും ഊര്‍ജവും പ്രസരിപ്പിക്കുന്നയൊരാളായാണു അദ്ദേഹം സെറ്റുകളിലെത്തുക. ഒഴുക്കുള്ള, സ്വാഭാവികമായ അദ്ദേഹത്തിന്റെ അഭിയനത്തിനു പിന്നിലും ആ ഊര്‍ജമാണ്. സൂര്യ പറഞ്ഞു.
സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ;
നടനാകാന്‍ ആഗ്രഹിച്ചു നടന്ന കാലത്ത് അഭിനയ പഠനത്തിനായി മുന്നിലുണ്ടായിരുന്ന മാതൃകകളിലൊന്നാണു ലാല്‍ സര്‍. ഒരുപാട് പൊതു സുഹൃത്തുക്കള്‍ വഴി അദ്ദേഹത്തെ എനിക്കു നേരത്തെ പരിചയമുണ്ട്. അതൊരു അടുപ്പമായി വളരുന്നതു ചെന്നൈ കടല്‍ തീരത്തെ ഒരു സൗഹൃദക്കൂട്ടായ്മയില്‍ വച്ചാണ്. അന്നു മുതല്‍ ഏതു പാതിരാത്രിയും വിളിക്കാവുന്ന അടുത്ത സുഹൃത്താണു എനിക്ക് അദ്ദേഹം. ഉയരങ്ങളിലെത്തും തോറും സിനിമയില്‍ നടന്മാര്‍ക്കു ചുറ്റും ഏകാന്തതയുടെ ഒരു വലയം രൂപപ്പെടുന്നതു നാം കാണാറുണ്ട്. അതു അവര്‍ പോലും അറിയാതെ സംഭവിച്ചു പോകുന്നതാണ്. എന്നാല്‍, ഇത്രയും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും അത്തരമൊരു വലയമില്ലാതെ തീര്‍ത്തും സാധാരണക്കാരനായി നില്‍ക്കുന്നുവെന്നതാണു മോഹന്‍ലാലിന്റെ പ്രത്യേകത. സെറ്റില്‍ നാലോ അഞ്ചോ സുഹൃത്തുക്കള്‍ക്കൊപ്പമല്ലാതെ അദ്ദേഹത്തെ കാണില്ല.
മറ്റുള്ളവരുടെ സംസാരത്തിനു ചെവികൊടുത്ത്, ഒട്ടും മുഷിപ്പ് പ്രകടിപ്പിക്കാതെ എത്ര നേരം വേണമെങ്കിലും അദ്ദേഹം നമുക്കൊപ്പമിരിക്കും. ഇത്ര ഉയരത്തില്‍ നില്‍കുന്നയൊരാളില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലുമപ്പുറം, സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനെടുക്കുന്ന ശ്രമം കൂടി എടുത്തു പറയണം. ഈ ലോക്ഡൗണ്‍ കാലത്ത് നാലു തവണ ഫോണ്‍ വിളിയും മെസേജുമായി അദ്ദേഹം എന്റെ ക്ഷേമമന്വേഷിച്ചു. എനിക്കുറപ്പുണ്ട്, എല്ലാ നടന്മാരെയും സംവിധായകരെയും സിനിമാ പ്രവര്‍ത്തകരെയുമെല്ലാം അദ്ദേഹം വിളിച്ചിട്ടുണ്ടാകും.
പ്രായത്തിലും സിനിമയിലെ അനുഭവത്തിലും എന്റെ മുതിര്‍ന്ന തലമുറയില്‍പ്പെട്ടയാളാണു അദ്ദേഹം. എന്നാല്‍, കോളജ് കാലത്തെ ഏറ്റവും അടുത്ത സുഹൃത്തിനോടെന്ന പോലെ സംസാരിക്കാനും ഇടപഴകാനും കഴിയുന്നതു അദ്ദേഹത്തിന്റെ മഹത്വം. ഒരുമിച്ചു കൂടുന്ന സമയങ്ങളില്‍ എനിക്കായി ചെമ്മീന്‍ കറിയും മറ്റു ഇഷ്ട വിഭവങ്ങളും പാചകം ചെയ്യുന്ന നല്ല ആതിഥേയന്‍ കൂടിയാണു അദ്ദേഹം. കാപ്പാന്‍ സിനിമാ ചിത്രീകരണത്തിനിടെ രാത്രി വൈകുവോളം സംസാരിച്ചിരുന്നതു നല്ല ഓര്‍മയാണ്. സമുദ്രകനിയും കൂട്ടിനുണ്ടായിരുന്നു.കഴിഞ്ഞുപോയ സംഭവങ്ങള്‍ ചാരം പോലെ ഉപേക്ഷിക്കണമെന്നും ഓരോ ദിവസവും പുതിയ തുടക്കമാണെന്നുമായിരുന്നു അന്നത്തെ സംസാരത്തിന്റെ കാതല്‍. ഹൃദയവിശാലതയുള്ള ഒരാളില്‍ നിന്നു മാത്രം വരുന്ന ചിന്ത. ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ആരോഗ്യവും സന്തോഷവും എക്കാലവും ഒപ്പമുണ്ടാകട്ടെ.