200 നോൺ എസി ട്രെയിനുകൾ ജൂൺ മുതൽ

ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ റെയിൽവേ 200 നോൺ എസി ട്രെയിനുകൾ ഒാടിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ 20ന് വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്.

അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാർ നോർക്കയിൽ ഓൺലൈനായി പണമടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ 20ന് രാവിലെ 9ന് നിഷ്കർഷിച്ചിട്ടുള്ള സ്ക്രീനിങ് സെന്ററുകളിലെത്തി സ്ക്രീനിങ്ങിന് വിധേയമാകണം.

12 സ്ക്രീനിങ് സെന്ററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിങ് റോഡിലുള്ള കേരള സ്കൂളിൽ സ്ക്രീനിങ്ങിന് എത്തണം. ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. ഏതെങ്കിലും സാഹചര്യത്താൽ ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് സ്ക്രീനിങ്ങിന് ഹാജരാകുന്ന സെന്റിറിൽ നേരിട്ടും പണം അടയ്ക്കാം.

ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ഒരു കൗണ്ടറാണുള്ളത്. ഇവർ 10 മണിക്ക് കൗണ്ടറിൽ എത്തേണ്ടതാണ്. ഹരിയാനയ്ക്കായി ഒരുക്കിയിട്ടുള്ള കൗണ്ടറിൽ 11 മുതലും യുപിക്കുള്ള കൗണ്ടറിൽ 12 മുതലും ടിക്കറ്റുകൾ വിതരണം ചെയ്യും. 975 രൂപയാണ് അടയ്ക്കേണ്ടത്. കേരള സ്കൂളിൽ എത്തുന്നവർക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്ക്രീനിങ് സെന്ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാരും ക്രമീകരിക്കും. യാത്രക്കാർ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസർ, മാസ്ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular