കേരളാ പോലീസിന് പുതിയ വെബ് പോർട്ടൽ…

കേരളാ പോലീസിന്‍റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് തയ്യാറാക്കിയത്.

നവീകരിച്ച വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞിരിക്കേണ്ട വകുപ്പുതല ഉത്തരവുകളും സര്‍ക്കുലറുകളും ലോഗിന്‍ ചെയ്ത് മാത്രമേ കാണാന്‍ കഴിയൂ. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ഉള്ള അയാപ്സ് യൂസര്‍നെയിമും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യാം. നിലവിലുള്ള വെബ്സൈറ്റിലെ വിവരങ്ങള്‍ പുതിയ വെബ്സൈറ്റിലേയ്ക്ക് പൂര്‍ണ്ണമായി മാറ്റുന്നതുവരെ പഴയ വെബ്സൈറ്റ് old.keralapolice.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

നവീകരിച്ച വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇനിമുതല്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കും. പൂര്‍ണ്ണമായും ഡൈനാമിക് ആയ വെബ്സൈറ്റ് സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് തിരയുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുംവിധത്തില്‍ ആഗോള നിലവാരത്തിലുള്ള സെര്‍ച്ച് എഞ്ചിന്‍ ഒപ്ടിമൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ട് കോവിഡ് 19 എന്ന വിഭാഗവും പുതിയ വെബ്സൈറ്റില്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിയമ നടപടികളുടെ സ്ഥിതിവിവരക്കണക്കുകള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പത്രക്കുറിപ്പുകള്‍, പൊതുജനബോധവല്‍കരണം ലക്ഷ്യമാക്കി തയ്യാറാക്കിയ വീഡിയോകള്‍, സാങ്കേതികവിദ്യ ഉപയോഗിച്ചും അല്ലാതെയും പോലീസ് നടപ്പിലാക്കിയ സംരംഭങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അവശ്യസന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ചത്. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഉത്തരവുകളും പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും യഥാസമയം വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിന് വേണ്ടി വകുപ്പിന്‍റെ തന്നെ മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ നാലാം സ്ഥാനം നേടിയിട്ടുള്ള കേരള പോലീസ് വെബ്സൈറ്റ് ഓരോ തവണ നവീകരിക്കുമ്പോഴും പുതുമ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
Follow us- pathram online

#keralapolice #website

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7