വൈറസ് ടെസ്റ്റ് നെഗറ്റീവ് , രോഗലക്ഷണങ്ങളുമില്ല , എന്നിട്ടും ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നു താന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ്, മരുന്ന് കഴിക്കാന്‍ കാരണം ഇതാണ്!

വാഷിങ്ടന്‍: യുഎസ് സര്‍ക്കാരിന്റെ ആരോഗ്യവിദഗ്ധര്‍ പറയുന്നതൊന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാര്യമായെടുക്കാറില്ല. കോവിഡ് പ്രതിരോധത്തിനായി മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നു താന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി. കോവിഡിനെതിരെ ഈ മരുന്നു ഉപയോഗിക്കുന്നത് അനുയോജ്യമല്ലെന്നാണ് സര്‍ക്കാര്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നരയാഴ്ചയായി പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങളുമില്ല. എന്നാല്‍ പ്രതിരോധമരുന്നെന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മരുന്ന് കഴിച്ചാല്‍ പ്രശ്നങ്ങള്‍ കുറവും നേട്ടങ്ങള്‍ കൂടുതലും എന്ന് കണ്ടാണ് ട്രംപിന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസിലെ ഡോക്ടറും അറിയിച്ചു. അമേരിക്കയില്‍ കോവിഡ് ബാധിച്ചു 90,000 പേരിലധികം മരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ മരുന്നു വെളിപ്പെടുത്തല്‍.

ദിവസവും സിങ്കിനൊപ്പം ഒരു ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികയാണു കഴിക്കുന്നതെന്നു ട്രംപ് പറഞ്ഞു. എന്തുകൊണ്ടെന്ന ചോദ്യത്തിന് അതു നല്ലതാണ്, അതേക്കുറിച്ചു നിരവധി നല്ല കഥകള്‍ കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന നിരവധി പേര്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ട്. താന്‍ മരുന്നു കഴിക്കുന്നത് വൈറ്റ്ഹൗസിലെ ഡോക്ടര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഞാനാണു മുന്‍കൈ എടുത്തത്. കഴിക്കുന്നതിനെക്കുറിച്ച് ഡോക്ടറോട് അഭിപ്രായം ചോദിച്ചു. കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കഴിച്ചോളൂ എന്നാണു ഡോക്ടര്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് മരുന്നിന്റെ ഗുണഫലത്തെക്കുറിച്ചു പറയുന്നത്. നൂറുകണക്കിനു രോഗികള്‍ക്കു മരുന്നു നല്‍കിയെന്നും അതുകൊണ്ട് ഒരാള്‍ പോലും മരിച്ചില്ലെന്നും ന്യൂയോര്‍ക്കില്‍നിന്നുള്ള ഡോക്ടര്‍ കത്തയച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.

മരുന്നിന്റെ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ട്രംപിന്റെ തീരുമാനം. മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ തന്നെ പൊതുജനങ്ങള്‍ക്കായി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും താന്‍ മാസ്‌ക് ധരിക്കില്ലെന്ന നിലപാടാണു ട്രംപ് സ്വീകരിച്ചിരിക്കുന്നത്. വൈറ്റ്ഹൗസില്‍ പല ഉദ്യോഗസ്ഥര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

മലേറിയയ്ക്കെതിരായ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. കോവിഡിനെതിരെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കണമെന്ന് ഏറെനാള്‍ മുന്‍പ് തന്നെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നു മരുന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

ഗുരുതരമായ അവസ്ഥയിലല്ലെങ്കില്‍ ചികിത്സയ്ക്കോ പ്രതിരോധത്തിനോ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിട്ടില്ല. ഇതു ഫലപ്രദമല്ലെന്ന് ചില ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സിങ്ക് സള്‍ഫേറ്റിനൊപ്പം ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് നല്ലതാണെന്നു ചില ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സിങ്കും ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും ചേര്‍ത്തു നല്‍കിയതു ഫലപ്രദമായിരുന്നുവെന്നു ചൈനയില്‍നിന്ന് ഒരു ഇന്ത്യന്‍ ഡോക്ടറും വെളിപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7