കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സാക്ഷിവിസ്താരത്തിനു ഹൈക്കോടതിയുടെ അനുമതി തേടി . ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണു വിചാരണക്കോടതിയായ പ്രത്യേക സി.ബി.ഐ. കോടതിയുടെ നടപടി. ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ച കോടതി നടപടികള്‍ ഇന്ന് പുനഃരാരംഭിക്കും. 21-നാണു നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും പരിഗണിക്കുന്നത്. അന്നു സാക്ഷിവിസ്താരത്തിന്റെ സമയക്രമം വിചാരണക്കോടതി പുതുക്കിനിശ്ചയിക്കും.
പ്രോസിക്യൂഷന്‍ 359 പേരുടെ സാക്ഷിപ്പട്ടികയാണു സമര്‍പ്പിച്ചതെങ്കിലും 136 പേരെ വിസ്തരിക്കാനാണു തീരുമാനം. വീഡിയോ കോണ്‍ഫറന്‍സ് അനുവദിച്ചാല്‍ സാക്ഷികള്‍ വീട്ടിലിരിക്കെത്തന്നെ വിസ്തരിക്കാനാകും. സാക്ഷികളിലേറെപ്പേരും സിനിമാരംഗത്തുള്ളവരാണ്. മുഖ്യസാക്ഷിയായ നടിയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായിട്ടില്ല. അവര്‍ ബംഗളുരുവിലാണു താമസം. വിചാരണക്കോടതിയുടെ സമന്‍സ് കൈപ്പറ്റി കേരളത്തിലെത്തിയാലും ക്വാറന്റീന്‍ കാലാവധി കഴിയാതെ വിസ്താരത്തിനു ഹാജരാകാന്‍ കഴിയില്ല. പല സാക്ഷികളുടെ കാര്യത്തിലും ഇതാണവസ്ഥ. അതിനാലാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന്റെ സാധ്യത പരിശോധിക്കുന്നത്.
അതേസമയം, കോളിളക്കം സൃഷ്ടിച്ച കേസായതിനാലും സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെട്ട കേസായതിനാലും വീഡിയോ കോണ്‍ഫറന്‍സ് ഉചിതമാകുമോ എന്നതില്‍ സംശയമുണ്ട്. ആറു മാസത്തിനുള്ളില്‍ വിചാരണ തീര്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചെങ്കിലും വൈകുന്നതു ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യമാകില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍, വിചാരണ വൈകുന്നത് ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളുടെ ജയില്‍വാസം നീളാനിടയാക്കുമെന്ന പ്രശ്നമുണ്ട്. എന്‍.ഐ.എ/സി.ബി.ഐ. കേസുകളുടെ വീഡിയോ കോണ്‍ഫറന്‍സിങ് വിസ്താരം നടക്കുന്ന കോടതി സമുച്ചയത്തിലാണ് ഈ കേസും എത്തിയിരിക്കുന്നത്.
കടപ്പാട് മംഗളം