ചരിത്രം കുറിച്ച ഏകദിന ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ 190കളില്‍വച്ച് താന്‍ എല്‍ബിയില്‍ കുരുക്കിയിട്ടും കാണികളെ ഭയന്ന് അംപയര്‍ ഔട്ട് അനുവദിച്ചില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ വെളിപ്പെടുത്തല്‍ കള്ളം? അതോ ഇന്ത്യന്‍ മണ്ണില്‍ സച്ചിനെതിരെ ബോള്‍ ചെയ്യുമ്പോള്‍ ബോളര്‍മാരും തീരുമാനങ്ങളെടുക്കുന്നതില്‍ അംപയര്‍മാരും അനുഭവിക്കുന്ന സമ്മര്‍ദ്ദം വിവരിക്കാന്‍ സ്‌റ്റെയ്ന്‍ കണ്ടെത്തിയ നിര്‍ദോഷമായ ഉദാഹരണമോ? രണ്ടായാലും സ്‌റ്റെയ്‌നിന്റെ പ്രസ്താവനയോടെ കണ്‍ഫ്യൂഷനിലായത് ആരാധകരാണ്.
2010 ഫെബ്രുവരി നാലിന് ഗ്വാളിയറില്‍ ഏകദിനത്തിലെ ചരിത്ര ഇരട്ടസെഞ്ചുറിക്ക് അരികെ നില്‍ക്കെ താന്‍ സച്ചിനെ പുറത്താക്കിയെന്നായിരുന്നു സ്‌റ്റെയ്‌നിന്റെ വെളിപ്പെടുത്തല്‍. 147 പന്തില്‍ 25 ഫോറും മൂന്നു സിക്‌സും സഹിതമാണ് അന്ന് സച്ചിന്‍ ഇരട്ടസെഞ്ചുറിയിലെത്തിയത്. മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 248 റണ്‍സിന് പുറത്താക്കി 153 റണ്‍സിന്റെ കൂറ്റന്‍ വിജയം ആഘോഷിക്കുകയും ചെയ്തു.
സ്‌റ്റെയ്ന്‍ പറഞ്ഞത്-ഗ്വാളിയറില്‍ ഇരട്ടസെഞ്ചുറിയിലെത്തും മുന്‍പ് സച്ചിന്‍ ഔട്ടായിരുന്നുവെന്നാണ് സ്‌റ്റെയ്ന്‍ വെളിപ്പെടുത്തിയത്. ജയിംസ് ആന്‍ഡേഴ്‌സന്‍, മുന്‍ ഇംഗ്ലണ്ട് താരങ്ങളായ നാസര്‍ ഹുസൈന്‍, റോബ് കീ എന്നിവര്‍ക്കൊപ്പം നടത്തിയ സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ പോഡ്കാസ്റ്റിലാണ് സ്‌റ്റെയ്ന്‍ ഇക്കാര്യം പറ!ഞ്ഞത്. സച്ചിന്‍ ഔട്ടാണെന്ന് വിധിച്ചാല്‍ അദ്ദേഹത്തിന്റെ ഇരട്ടസെഞ്ചുറി കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗ്വാളിയറിലെ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന സംശയം നിമിത്തം അംപയര്‍ ഇയാന്‍ ഗൂള്‍ഡ് ഔട്ട് അനുവദിച്ചില്ലെന്ന് സ്‌റ്റെയ്ന്‍ പറഞ്ഞിരുന്നു.
‘രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നേടിയത് ഞങ്ങള്‍ക്കെതിരെയാണ്. ഗ്വാളിയറില്‍വച്ച്. അന്ന് 190കളില്‍വച്ച് ഞാന്‍ സച്ചിനെ എല്‍ബിയില്‍ കുരുക്കിയതാണ്. അന്ന് ഇയാന്‍ ഗൂള്‍ഡായിരുന്നു അംപയര്‍. ഞാന്‍ അപ്പീല്‍ ചെയ്‌തെങ്കിലും അദ്ദേഹം അനുവദിച്ചില്ല. എന്റെ അപ്പീലിനോട് അംപയര്‍ പ്രതികൂലമായി പ്രതികരിച്ചതോടെ ഇതെന്തുകൊണ്ടാണ് താങ്കള്‍ ഔട്ട് അനുവദിക്കാത്തതെന്ന രീതിയില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി. ‘ചുറ്റിലുമൊന്നു നോക്കൂ. ഇതെങ്ങാനും ഔട്ട് അനുവദിച്ചാല്‍ പിന്നെ ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് തിരികെ പോകേണ്ടി വരില്ല’ എന്ന അര്‍ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’ – സ്‌റ്റെയ്ന്‍ വിവരിച്ചു.
എന്നാല്‍, ആ മത്സരത്തിന്റെ ലഭ്യമായ കമന്ററികളിലൊന്നും 190നും 200നും ഇടയില്‍ സ്‌റ്റെയ്‌നിന്റെ പന്ത് സച്ചിന്റെ പാഡിലിടിച്ചതായി പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ മത്സരത്തിലാകെ സച്ചിനെതിരെ സ്‌റ്റെയ്ന്‍ എറിഞ്ഞത് 31 പന്തുകളാണ്. കൃത്യമായി പറഞ്ഞാല്‍ സച്ചിന്റെ വ്യക്തിഗത സ്‌കോര്‍ 190കളില്‍ നില്‍ക്കെയാണ് വിക്കറ്റെടുത്തതെന്നാണ് സ്‌റ്റെയ്ന്‍ അവകാശപ്പെട്ടത്. എന്നാല്‍, 190നും 200നും ഇടയില്‍ സച്ചിനെതിരെ സ്‌റ്റെയ്ന്‍ ബോള്‍ ചെയ്തത് വെറും മൂന്നേ മൂന്നു പന്തുകള്‍ മാത്രമാണ്. അതിലൊന്നുപോലും സച്ചിന്റെ പാഡില്‍ തട്ടിയിട്ടില്ല.
അതേസമയം, മത്സരത്തിലാകെ സ്‌റ്റെയ്ന്‍ സച്ചിനെതിരെ എറിഞ്ഞ 31 പന്തുകളില്‍ ഒരെണ്ണം പാഡിലിടിച്ചിരുന്നു. അതും ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏഴാം ഓവറില്‍. ഈ സമയം സച്ചിന്റെ വ്യക്തിഗത സ്‌കോര്‍ 25 റണ്‍സ് മാത്രയിരുന്നു. മാത്രമല്ല, പന്ത് സ്റ്റംപില്‍ തൊടില്ലെന്ന് വ്യക്തമാകുകയും ചെയ്തു. സ്‌റ്റെയ്ന്‍ ബോള്‍ ചെയ്ത 31 പന്തില്‍ 16 എണ്ണത്തിലും സച്ചിന്‍ റണ്ണെടുക്കാതെ വിടുകയാണ് ചെയ്തത്. ബാക്കി 15 പന്തില്‍നിന്ന് ഏഴു ഫോറുകള്‍ സഹിതം നേടിയത് 37 റണ്‍സും.
2010–2011 കാലഘട്ടത്തില്‍ സച്ചിനും ഡെയ്!ല്‍ സ്‌റ്റെയ്‌നും നേര്‍ക്കുനേര്‍ വന്ന ആറു മത്സരങ്ങളില്‍ ഇയാന്‍ ഗൂള്‍ഡ് ഓണ്‍–ഫീല്‍ഡ് അംപയറായിരുന്നുവെന്നാണ് ക്രിക്ട്രാക്കര്‍ എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ഇതില്‍ നാലു ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഉള്‍പ്പെടുന്നു. ആ മത്സരങ്ങളിലെല്ലാം സച്ചിന്‍ സെഞ്ചുറിയും നേടി. ഇതില്‍ സച്ചിന്റെ 50–ാം ടെസ്റ്റ് സെഞ്ചുറിയും ലോകകപ്പിലെ ആറു സെഞ്ചുറികളില്‍ അവസാനത്തേതും മേല്‍പ്പറഞ്ഞ ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയും ഉള്‍പ്പെടുന്നു.
ഈ ആറു സെഞ്ചുറികളില്‍ ഒരിക്കല്‍ 90കളില്‍ വച്ച് സ്‌റ്റെയ്‌നിനെതിരെ സച്ചിന്‍ എല്‍ബി അപ്പീല്‍ അതിജീവിച്ചു. 2010ലെ നാഗ്പുര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് സച്ചിന്‍ 92ല്‍ നില്‍ക്കെ സ്‌റ്റെയ്‌നിന്റെ പന്ത് സച്ചിന്റെ പാഡിലിടിച്ചത്. അതുപക്ഷേ, ഔട്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ സച്ചിനെ സെഞ്ചുറിക്കോ ഇരട്ടസെഞ്ചുറിക്കോ അരികില്‍ എല്‍ബിയില്‍ കുരുക്കിയെന്ന സ്‌റ്റെയ്‌നിന്റെ വാദം കള്ളമെന്ന് വ്യക്തം.
പക്ഷേ, ഒരിക്കല്‍ സച്ചിനെ സ്‌റ്റെയ്ന്‍ എല്‍ബിയില്‍ കുരുക്കിയെങ്കിലും ഓണ്‍ ഫീല്‍ഡ് അംപയറായിരുന്ന ഗൂള്‍ഡ് ഔട്ട് നല്‍കാതിരുന്നു. 2011ലെ കേപ്ടൗണ്‍ ടെസ്റ്റില്‍. അന്നുപക്ഷേ സച്ചിന്‍ 49ല്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. അതു സത്യത്തില്‍ ഔട്ടായിരുന്നു.
അന്ന് ഗ്വാളിയറില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് 11 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പതു റണ്‍സുമായി മടങ്ങിയെങ്കിലും പിന്നീട് വന്നവരെല്ലാം ചേര്‍ന്ന് ഇന്ത്യയെ 400 കടത്തി. ഇതില്‍ പകുതിയോളം റണ്‍സ് സച്ചിന്റെ ബാറ്റില്‍നിന്ന് മാത്രമാണ് പിറന്നത്. 147 പന്തില്‍ 25 ഫോറും മൂന്നു സിക്‌സും സഹിതം 200 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇന്നിങ്‌സിലെ അവസാന പന്തിലാണ് സച്ചിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
സച്ചിനു പുറമെ വണ്‍ഡൗണായെത്തിയ ദിനേഷ് കാര്‍ത്തിക്, യൂസഫ് പഠാന്‍, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം അന്ന് തിളങ്ങി. കാര്‍ത്തിക് 85 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം നേടിയത് 79 റണ്‍സ്. പഠാന്‍ 23 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 36 റണ്‍സ് നേടി. ഒടുവില്‍ തകര്‍ത്തടിച്ച് കളിച്ച ധോണി 35 പന്തില്‍ ഏഴു ഫോറും നാലു സിക്‌സും സഹിതം 68 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റില്‍ സച്ചിന്‍ – കാര്‍ത്തിക് സഖ്യം 194 റണ്‍സും മൂന്നാം വിക്കറ്റില്‍ സച്ചിന്‍ – പഠാന്‍ സഖ്യം 81 റണ്‍സും പിരിയാത്ത നാലാം വിക്കറ്റില്‍ സച്ചിന്‍ – ധോണി സഖ്യം 101 റണ്‍സും കൂട്ടിച്ചേര്‍ത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി. ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ സെഞ്ചുറി കുറിച്ചെങ്കിലും ഇന്ത്യയുടെ സ്‌കോറിന്റെ ഏഴയലത്തുപോലും എത്താനായില്ല. ഡിവില്ലിയേഴ്‌സ് 101 പന്തില്‍ 13 ഫോറും രണ്ടു സിക്‌സും സഹിതം 114 റണ്‍സുമായി പുറത്താകാതെ നിന്നു. ഒടുവില്‍ 42.5 ഓവറില്‍ ദക്ഷിണാഫ്രിക്ക 248 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി മലയാളി താരം ശ്രീശാന്ത് മൂന്നു വിക്കറ്റെടുത്തു. ആശിഷ് നെഹ്‌റ, യൂസഫ് പഠാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.