ഞായറാഴ്ച ദുബായില്‍നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ടുപേര്‍ക്കു കോവിഡ് ലക്ഷണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് ഇവർ. വിമാനത്താവളത്തിലെ ജീവനക്കാരന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബൈക്ക് അപകടത്തെത്തുടർന്നു പരിയാരത്തെ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പുതുച്ചേരി സ്വദേശിയായ 27കാരനാണു കോവിഡ് സ്ഥിരീകരിച്ചത്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്. പുതുച്ചേരിയിൽ നിന്നു മട്ടന്നൂരിനു സമീപത്തെ താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കാരപേരാവൂരിൽ വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം പുതുച്ചേരി സ്വദേശിയാണെന്ന് അറിഞ്ഞതോടെയാണ് സ്രവപരിശോധന നടത്തിയത്.
യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അപകട സമയത്ത് ഇദ്ദേഹത്തെ സഹായിച്ച നാട്ടുകാരുൾപ്പെടെ 27 പേരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇയാൾ കണ്ണൂരിലെത്തിയതെന്നാണ് സൂചന. 14 ദിവസം ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം ജോലിക്ക് കയറാനായിരുന്നു അധികൃതർ നൽകിയിരുന്ന നിർദേശം. അതുകൊണ്ടു തന്നെ യുവാവ് വിമാനത്താവളത്തിൽ എത്തിയിരുന്നില്ല.