ചെറുവത്തൂര്‍: നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. അന്വേഷണ ചുമതലുയുള്ള കോഴിക്കോട് റൂറല്‍ എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ഉമൈബയുടെ സഹോദരിയുടെ മക്കള്‍ സിദ്ദിഖ്, ജമീല എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 12ന് രാത്രിയിലാണ് ഷഹനയെ കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്.
ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നും അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത സജ്ജാദ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ചെമ്പ്രകാനത്തെ ബന്ധുവീട്ടില്‍ കഴിയുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കാന്‍ എ.സി.പി.യും സംഘവുമെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടിലെത്തിയ സംഘം 12.30ഓടെയാണ് മടങ്ങിയത്. എ.എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിവീഷ്, വുമണ്‍ സി.പി.ഒ. മഞ്ജു, സി.പി.ഒ. പി.സ്മരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കിടപ്പറരംഗം എത്ര തവണ ഷൂട്ട് ചെയ്‌തെന്ന് ചോദ്യം; മറുപടി നല്‍കി മാളവിക
അതേസമയം ഷഹനയുടെത് ആസൂത്രിതമായ കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. കൊലപാതകത്തില്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുണ്ടെന്ന് സംശയിക്കുന്നതായും ഉമ്മയും സഹോദരങ്ങളും എ.സി.പി.യോട് പറഞ്ഞു. ഇതിനുള്ള സാഹചര്യത്തെളിവുകളും അന്വേഷണസംഘത്തെ അറിയിച്ചു. മുറിക്കകത്ത് ചായ കുടിച്ച രണ്ട് കപ്പുകള്‍ കണ്ടതായും ഷഹന ചായ കുടിക്കാറില്ലെന്നും ഉമൈബ എ.സി.പി.യോട് പറഞ്ഞു. തൂങ്ങിയ നിലയില്‍ കണ്ടുവെന്ന് ഭര്‍ത്താവ് സജ്ജാദ് പറയുന്ന ജനലില്‍നിന്ന് അഞ്ചുമീറ്റര്‍ അകലെയാണ് ഷഹനയെ കണ്ടത്. അതിനോട് ചേര്‍ന്നുണ്ടായ കട്ടിലും കടന്ന് മൃതദേഹം എങ്ങനെ അവിടെവരെ എത്തിയെന്നും സംശയമുന്നയിച്ചു.
സജ്ജാദ് നിലവിളിക്കുന്നതു കേട്ടാണ് അവിടെയെത്തിയതെന്നാണ് കെട്ടിട ഉടമ പറഞ്ഞത്. രാത്രി 12ന് 100 മീറ്റര്‍ ദൂരെ താമസിക്കുന്ന കെട്ടിട ഉടമ കിടപ്പുമുറിയില്‍നിന്ന് സജ്ജാദിന്റെ നിലവിളി എങ്ങനെ കേട്ടുവെന്ന് അന്വേഷിക്കണം. വിവാഹത്തിന് ഇടനിലക്കാരനായ ആളെ ചോദ്യം ചെയ്യണമെന്നും സജ്ജാദിനെക്കുറിച്ച് എല്ലാമറിയുന്ന അയാള്‍ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് എ.സി.പി. പറഞ്ഞു