കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് 120 ആളുകളെ നിരീക്ഷണത്തിലാക്കി. ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 2043 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 234 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ 30 പേര്‍ ആശുപത്രില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1151 ആളുകളുടെ സാമ്പിളുകളില്‍ 821 ആളുകളുടെ ഫലം ലഭിച്ചതില്‍ 798 നെഗറ്റീവും 23 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. ഇന്ന് അയച്ച 86 സാമ്പിളുകളുടേത് ഉള്‍പ്പെടെ 325 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. പുതുതായി അയച്ച 86 സാമ്പിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 45 പേരുടെയും 4 ആരോഗ്യ പ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.
അതേ സമയം ഇന്ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ലഖ്‌നൗ സ്വദേശിക്ക് ആണ്. മാലി ദ്വീപിൽ നിന്ന് ഈ മാസം 12ന് എത്തിയ ഐഎൻഎസ് മഗർ കപ്പലിൽ ഉണ്ടായിരുന്ന 25 വയസുള്ള ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കെയർ സെന്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം 488 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 22 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4185 ആയി. ഇതിൽ 43 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 4142 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
ജില്ലയിൽ നിന്ന് 58 സാമ്പിളുകൾ കൂടി കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 58 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 91 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, നിരീക്ഷണ കാലാവധി, മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.