ന്യൂഡല്‍ഹി : ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണത്തില്‍ ചൈനയെ ഇന്ത്യ മറികടക്കുമ്പോള്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രോഗത്തിന്റെ രണ്ടാം തരംഗം ആശങ്കയുണര്‍ത്തുന്നു. കേരളത്തിനു പുറമേ ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച വരെ വളരെ കുറവ് കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗോവ കോവിഡ് മുക്തമാകുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്.
ഒരു മാസത്തോളമായി ഗോവയില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മാര്‍ച്ച് അവസാനവാരം കോവിഡ് ബാധിച്ച ഏഴു പേരും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ എട്ടു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് െചയ്തിരിക്കുന്നത്. ഇവരെല്ലാം മറ്റിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയവരാണ്. സമാനമായ രീതിയില്‍, ഹിമാചല്‍ പ്രദേശില്‍ ആകെയുണ്ടായിരുന്ന 41 രോഗികള്‍ ഈ മാസം ആദ്യം രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ 34 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളം പൂര്‍ണമായി കോവിഡ് മുക്തമായിരുന്നില്ലെങ്കിലും മിക്ക ദിവസങ്ങളിലും രോഗികളുടെ എണ്ണം ഒറ്റയക്കത്തില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച മാത്രം 26 പേര്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 30 നു ശേഷം ആദ്യമായാണ് ഇത്രയേറെ കേസുകള്‍ ഒറ്റദിവസം ഉണ്ടാകുന്നത്. വെള്ളിയാഴ്ച 16 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 52 പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തു. ഗോവയുടേതിനു സമാനമായി കേരളത്തിലും മറ്റിടങ്ങളില്‍നിന്നു മടങ്ങിയെത്തുന്നവരാണ് രോഗികളാകുന്നത്. ഗള്‍ഫില്‍നിന്ന് അടുത്തിടെ മടങ്ങിയെത്തിയ 22 പേര്‍ക്കാണു രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. അസമിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പല സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണു കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒഡീഷ, ബിഹാര്‍, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ആളുകളുടെ തിരിച്ചുവരവോടെയാണു രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാതിരിക്കാനുള്ള ശ്രമത്തിലാണു ചില സംസ്ഥാനങ്ങള്‍.
പഞ്ചാബില്‍ രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ച പെട്ടെന്നു കുറവുണ്ടായത് കൗതുകകരമായി. കോവിഡ് പോസിറ്റീവ് ആയ 30 റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെ കേന്ദ്രപൂളിലേക്കു മാറ്റിയതോടെയാണ് എണ്ണത്തില്‍ കുറവുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്- 29,100. 1068 പേര്‍ മരിച്ചു. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്-10,108 രോഗികള്‍.
വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ട ചൈനയെ മറികടന്നാണ് ഇന്ത്യയുടെ പോക്ക്. ചൈനയില്‍ 84,649 പേര്‍ക്കാണ് ആകെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലാകട്ടെ ആകെ രോഗികളുടെ എണ്ണം 85,681 ആയി. ഇതില്‍ 31,000 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് മരണസംഖ്യ 2750 ആയി. ചൈനയില്‍ മാര്‍ച്ച് ഒന്നിന് കേസുകളുടെ എണ്ണം 80,000 ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടിത് ഗണ്യമായി കുറഞ്ഞു. അന്നു മുതല്‍ കഴിഞ്ഞ രണ്ടേകാല്‍ മാസത്തിനുള്ളില്‍ ഏതാണ്ട് 4500 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന 80,000 കടക്കുന്നതുവരെ രോഗികളുടെ എണ്ണം കുറവായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ദിനംപ്രതി രണ്ടായിരത്തിലേറെ ആളുകള്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.