മുംബൈ: കോവിഡ് കാലത്തെ പതിവു കാഴ്ചയായ ചാലഞ്ചുകളുടെ കുത്തൊഴുക്കിനിടെ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു മുന്നില്‍ ‘കീപ്പ് ഇറ്റ് അപ്പ് ചാലഞ്ച്’ വച്ച യുവരാജ് സിങ്ങിന് കിടിലന്‍ മറുപടിയുമായി സൂപ്പര്‍താരം. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ ചാലഞ്ച് ചെയ്തത്. സച്ചിനു പുറമെ രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവലെയും യുവി ചാലഞ്ച് ചെയ്തു. ബാറ്റിന്റെ അരിക് ഉപയോഗിച്ച് പന്ത് നിലത്തിടാതെ തട്ടുന്ന വിഡിയോ സഹിതമായിരുന്നു ഇത്.
‘വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, വീട്ടില്‍ത്തന്നെ ചെലവഴിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനും കഴിയുന്നത്ര അതേപടി തുടരാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹിറ്റ്മാന്‍ രോഹിത് ശര്‍മ, ടര്‍ബണേറ്റര്‍ ഹര്‍ഭജന്‍ സിങ് എന്നിവരെ ഞാന്‍ നോമിനേറ്റ് ചെയ്യുന്നു’ – വിഡിയോ സഹിതം യുവി ട്വിറ്ററില്‍ കുറിച്ചു. സച്ചിനും രോഹിത് ശര്‍മയ്ക്കും ഈ ചാലഞ്ച് എളുപ്പമായിരിക്കാമെങ്കിലും ഹര്‍ഭജന്‍ സിങ്ങിന് അത്ര എളുപ്പമായിരിക്കില്ല എന്ന് ഒന്ന് ‘കുത്താനും’ യുവി മറന്നില്ല.
എന്തായാലും യുവി ഉയര്‍ത്തിയ ചാലഞ്ച് ഏറ്റെടുത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയതോടെ ‘പോരാട്ടം’ ആവേശകരമായി. യുവരാജിന്റെ ചാലഞ്ച് ഏറ്റെടുത്തുവെന്ന് മാത്രമല്ല, സച്ചിന്റെ വക അതില്‍ ട്വിസ്റ്റുമുണ്ടായിരുന്നു. ഒരു കറുത്ത തുണി ഉപയോഗിച്ച് കണ്ണുകെട്ടിയായിരുന്നു സച്ചിന്റെ പ്രകടനം! കണ്ണുകെട്ടി ബാറ്റു ചരിച്ചുപിടിച്ച് പന്ത് തട്ടിയ സച്ചിന്‍, ചാലഞ്ച് യുവരാജിന്റെ തന്നെ മുന്നിലേക്ക് തിരികെ വയ്ക്കുകയും ചെയ്തു.
‘യുവി, താങ്കള്‍ എനിക്ക് വളരെ എളുപ്പമുള്ള ഒരു ചാലഞ്ചാണ് നല്‍കിയത്. അതുകൊണ്ട് കുറച്ച് കടുപ്പമുള്ളൊരു ചാലഞ്ച് ഞാന്‍ തിരികെ നല്‍കുന്നു. ഇതൊന്ന് ഏറ്റെടുത്ത് നോക്കൂ’ – സച്ചിന്‍ വിഡിയോയില്‍ പറഞ്ഞു.
പക്ഷേ, ചാലഞ്ച് ഏറ്റെടുത്ത് സച്ചിന്‍ ഒരുക്കിയ ട്വിസ്റ്റുകള്‍ അവിടെയും തീര്‍ന്നില്ല. കണ്ണുകെട്ടി പന്ത് തട്ടാനുള്ള ചാലഞ്ച് യുവിക്കു മുന്നില്‍വച്ച സച്ചിന്‍, ചാലഞ്ച് ഏറ്റെടുക്കാനുള്ള ഒരു കുറുക്കുവഴിയും യുവിയോടു പങ്കുവച്ചു. സച്ചിന്റെ കണ്ണുകെട്ടിയിരുന്ന ആ കറുത്ത തുണി മറുവശം കാണാവുന്ന തരത്തില്‍ സുതാര്യമായിരുന്നു! കണ്ണ് കെട്ടിയെങ്കിലും പന്ത് കണ്ടുകൊണ്ടാണ് സച്ചിന്‍ അതു തട്ടിയതെന്ന് വ്യക്തം! എന്തായാലും സച്ചിന്റെ ചാലഞ്ച് ആരാധകരും ഏറ്റെടുത്തതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. ഇതിനു പിന്നാലെ യുവരാജും പ്രതികരണവുമായെത്തി: ആളുമാറിയാണ് ഞാന്‍ വെല്ലുവിളിച്ചതെന്ന് തിരിച്ചറിയുന്നു. എന്തായാലും തിരികെ നല്‍കിയ ചാലഞ്ച് ഏറ്റെടുക്കാന്‍ എനിക്ക് ഒരാഴ്ച വേണ്ടിവരും യുവി കുറിച്ചു.
Leave a Comment