ഡോര്‍ട്മുണ്ട് : ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സിഗ്‌നല്‍ ഇദൂന സ്‌റ്റേഡിയം പൊട്ടിത്തെറിക്കേണ്ട മത്സരമായിരുന്നു ഇത് സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ആദ്യ ഗോള്‍, റാഫേല്‍ ഗ്വുറെയ്‌റോയുടെ ഇരട്ടഗോളുകള്‍, ചിരവൈരികളായ ഷാല്‍ക്കെയ്‌ക്കെതിരെ 4–0 ജയം പക്ഷേ, എന്തു ചെയ്യാം; ഇതു കൊറോണക്കാലമായിപ്പോയി.
ലോക്ഡൗണ്‍ കഴിഞ്ഞ് പുനരാരംഭിക്കുന്ന ആദ്യ പ്രധാന ഫുട്‌ബോള്‍ ലീഗ് എന്ന ബഹുമതിയോടെ ജര്‍മനിയിലെ ബുന്ദസ് ലിഗയില്‍ പന്തുരുണ്ടപ്പോള്‍ ആദ്യ അഞ്ചു കളികളില്‍ പിറന്നത് 12 ഗോളുകള്‍. ഡോര്‍ട്ട്മുണ്ടിനു പുറമേ ഹെര്‍ത്ത ബെര്‍ലിനും മിന്നുന്ന ജയം. ഹൊഫെന്‍ഹൈമിനെതിരെ 3–0ന്. വോള്‍വ്‌സ്ബര്‍ഗ് 2–1ന് ഓഗ്‌സ്ബര്‍ഗിനെ തോല്‍പിച്ചു. ലൈപ്‌സീഗ്–ഫ്രെയ്ബര്‍ഗ് (1–1), ദസ്സല്‍ഡോര്‍ഫ്–പാഡെര്‍ബോണ്‍ (0–0) മത്സരങ്ങള്‍ സമനില.
കൊറോണക്കാലത്തെ ആദ്യഗോള്‍ വീണത് ഡോര്‍ട്മുണ്ടിന്റെ നോര്‍വെ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ബൂട്ടില്‍ നിന്ന്. വലതു വിങ്ങില്‍ നിന്ന് തോര്‍ഗന്‍ ഹസാഡിന്റെ ക്രോസ് ഹാലന്‍ഡ് ഗോളിലേക്കു തട്ടിയിടുമ്പോള്‍ കളി സമയം 28 മിനിറ്റ്. മറ്റു മൂന്നു കളികളിലും അപ്പോള്‍ ഗോള്‍ പിറന്നിട്ടുണ്ടായിരുന്നില്ല. യോഗാ പോസിലുള്ള പതിവ് ആഘോഷം മാറ്റിവച്ച് ‘സോഷ്യല്‍ ഡിസ്റ്റന്‍സിങ്’ സ്‌റ്റൈലില്‍ ഹാലന്‍ഡിന്റെ സെലിബ്രേഷന്‍. ഹാഫ്‌ടൈമിനു നിമിഷങ്ങള്‍ ശേഷിക്കെ ഗ്വുറെയ്‌റോ ഡോര്‍ട്മുണ്ടിന്റെ ലീഡുയര്‍ത്തി.
കൈമുട്ടുകള്‍ കൂട്ടിയിടിച്ചായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളാഘോഷം. 48–ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാഡും 63–ാം മിനിറ്റില്‍ ഗ്വുറെയ്‌റോയും ഡോര്‍ട്മുണ്ടിന്റെ ഗോളടി പൂര്‍ത്തിയാക്കി. മത്സരശേഷം പ്രതീകാത്മകമായി സ്‌റ്റേഡിയത്തിലെ ‘യെലോ വാള്‍’ എന്നറിയപ്പെടുന്ന സൗത്ത് സ്റ്റാന്‍ഡിനെ അഭിവാദ്യം ചെയ്താണു ഡോര്‍ട്മുണ്ട് താരങ്ങള്‍ മടങ്ങിയത്.
ഫിഫയുടെ താല്‍ക്കാലിക നിയമം അനുസരിച്ചുള്ള 5 സബ്സ്റ്റിറ്റിയൂഷന്‍ ഷാല്‍ക്കെ പൂര്‍ണമായും നടപ്പിലാക്കി. എന്നാല്‍ ഡോര്‍ട്മുണ്ട് 4 പകരക്കാരെ മാത്രമാണ് ഇറക്കിയത്. ഇടവേളയില്‍ പന്തുകള്‍ അണുവിമുക്തമാക്കി. പകരക്കാരെല്ലാം മാസ്‌ക് ധരിച്ച്, അകലം പാലിച്ചാണു മൈതാനവരയ്ക്കു പുറത്തിരുന്നത്.
Leave a Comment