സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരാട് കോലി താരതമ്യം സമകാലിക ക്രിക്കറ്റിലെ ഒരു പതിവുകാഴ്ചയാണ്. ഇതില്‍ ആരാണ് കൂടുതല്‍ കേമന്‍ എന്ന ചര്‍ച്ചയും ഇപ്പോള്‍ പതിവുള്ളതുതന്നെ. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഇന്നും സച്ചിന്റെ പേരിലാണെങ്കിലും അവയില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി മറികടക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇവരെ രണ്ടുപേരെയും താരതമ്യം ചെയ്യാന്‍ പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ വസിം അക്രത്തോട് ആവശ്യപ്പെട്ടാലോ?
കരിയറിലുടനീളം സച്ചിനെതിരെ ബോള്‍ ചെയ്തിട്ടുള്ള താരമാണെങ്കിലും കോലിക്കെതിരെ ബോള്‍ ചെയ്യാന്‍ അക്രത്തിന് അവസരം ലഭിച്ചിട്ടില്ല. എങ്കിലും ഒരു അഭിമുഖത്തില്‍ ഇരുവരെയും താരതമ്യം ചെയ്യാനുള്ള മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ ആവശ്യം അക്രം അംഗീകരിച്ചു. ക്രിക്കറ്റ് മൈതാനങ്ങളില്‍ പതിവു കാഴ്ചയായ ‘സ്ലെജിങ്’ എന്ന ചീത്തവിളിയോട് ഇരുവരും എങ്ങനെയാകും പ്രതികരിക്കുക എന്നതിനെക്കുറിച്ചാണ് അക്രം സംസാരിച്ചത്.
‘സമകാലിക ക്രിക്കറ്റിലെ ഇതിഹാസമാണ് വിരാട് (കോലി). സച്ചിനുമായി താരതമ്യം ചെയ്താലും തീര്‍ത്തും വ്യത്യസ്തരായ രണ്ടു താരങ്ങള്‍. കോലി വളരെ ആക്രമണോത്സുകതയുള്ള വ്യക്തിയാണ്. ബാറ്റിങ്ങിലും അതേ ആക്രമണോത്സുകതയുണ്ട്. പക്ഷേ സച്ചിന്‍ തിരിച്ചാണ്. ബാറ്റിങ്ങില്‍ ആക്രണോത്സുകതയുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ സച്ചിന്‍ ശാന്തനാണ്. കോലിയില്‍നിന്നും തികച്ചും വിഭിന്നമായ ബോഡി ലാങ്ങ്വേജാണ് സച്ചിന്റേത്’ – അക്രം ചൂണ്ടിക്കാട്ടി.
ഇരുവരെയും ‘സ്ലെജ്’ ചെയ്യാന്‍ ശ്രമിച്ചാലുള്ള വ്യത്യാസത്തെക്കുറിച്ചും അക്രം സംസാരിച്ചു; ‘ബാറ്റിങ്ങിനിടെ സച്ചിനെ ഞാന്‍ ചീത്തവിളിക്കുന്നു എന്ന് കരുതുക. അത് സച്ചിനെ തെല്ലും ബാധിക്കില്ലെന്നു മാത്രമല്ല, അദ്ദേഹം കൂടുതല്‍ കരുത്തനാകുകയും െചയ്യും. ഇത് എന്റെ നിരീക്ഷണമാണ്. ചിലപ്പോള്‍ തെറ്റുപറ്റാം. പക്ഷേ, കോലിയേയാണ് ഞാന്‍ ചീത്തവിളിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് തീര്‍ച്ചയാണ്. ബാറ്റ്‌സ്മാനെ നമ്മള്‍ ചീത്തവിളിക്കുമ്പോള്‍ അദ്ദേഹം വൈകാരികമായി പ്രതികരിച്ചാല്‍ ആ വിക്കറ്റ് കിട്ടാന്‍ സാധ്യതയേറെയാണ്’ – അക്രം ചൂണ്ടിക്കാട്ടി.
സച്ചിന്റെ ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി തകര്‍ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും ഇക്കാര്യത്തിലും തനിക്കു സംശയമുണ്ടെന്ന് അക്രം വ്യക്തമാക്കി. ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡിന് തൊട്ടടുത്താണ് കോലി. സച്ചിന്റെ പേരില്‍ 49 ഏകദിന സെഞ്ചുറികളാണുള്ളത്. കോലിയുടെ പേരില്‍ ഇപ്പോള്‍ത്തന്നെ 43 സെ!ഞ്ചുറികളുണ്ട്. ഇത്തരം റെക്കോര്‍ഡുകള്‍ കോലി സ്വന്തമാക്കിയേക്കാമെങ്കിലും അദ്ദേഹത്തിന് എത്തിപ്പിടിക്കാനാകാത്ത ഒട്ടേറെ നേട്ടങ്ങള്‍ സച്ചിന്റെ പേരിലുണ്ടെന്ന് അക്രം അഭിപ്രായപ്പെട്ടു.