‘സുഹൃത്തേ, അടുത്തുനില്‍ക്കുന്ന അവളുടെ കവിളില്‍ ഒരു മുത്തം കൊടുത്താല്‍ എനിക്കൊരു നല്ല ചിത്രം കിട്ടും..

വിജയികള്‍ക്കുള്ള വെള്ളിക്കപ്പുമായി പോഡിയത്തില്‍ നിന്ന പതിനെട്ടുകാരന്‍ പയ്യനോട് ഒരു ഫൊട്ടോഗ്രഫര്‍ പറഞ്ഞു: ‘സുഹൃത്തേ, അടുത്തുനില്‍ക്കുന്ന ആ പതിനാലുകാരിയുടെ കവിളില്‍ ഒരു മുത്തം കൊടുത്താല്‍ എനിക്കൊരു നല്ല ചിത്രം കിട്ടും!’ 1976ലെ അമേരിക്കന്‍ കപ്പ് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ യുഎസിന്റെ ബാര്‍ട്ട് കോണറായിരുന്നു ആ പതിനെട്ടുകാരന്‍. പതിനാലുകാരി റുമേനിയയുടെ നാദിയ കൊമനേച്ചിയും. പത്രഫൊട്ടോഗ്രഫര്‍ ആവശ്യപ്പെട്ടതുപോലെ കോണര്‍ നാദിയയുടെ കവിളില്‍ ചെറിയൊരു മുത്തം കൊടുത്തു. ക്ലിക്ക് ആ ചിത്രം പിറ്റേന്നു സൂപ്പര്‍ ഹിറ്റായി

ആ കൗമാരക്കാര്‍ക്ക് അന്ന് അതൊരു തമാശ മാത്രമായിരുന്നു. 20 വര്‍ഷത്തിനു ശേഷം വിവാഹവേദിയില്‍ സമാനമായൊരു ചിത്രമെടുക്കാന്‍ മറ്റൊരു ഫൊട്ടോഗ്രഫര്‍ ഉണ്ടാകുമെന്ന കാര്യം ആരെങ്കിലും ചിന്തിക്കുമോ? മൂന്നു മാസത്തിനുശേഷം 1976 മോണ്‍ട്രിയോള്‍ ഒളിംപിക്‌സില്‍ നാദിയ ചരിത്രമെഴുതി; ജിംനാസ്റ്റിക്‌സിലെ ആദ്യ പെര്‍ഫെക്ട് 10 സ്‌കോര്‍ നേടി ഇതിഹാസമായി. പക്ഷേ, കോണര്‍ നേടിയത് 46-ാം സ്ഥാനം മാത്രം. പിന്നാലെ രണ്ടുപേരും രണ്ടുവഴിക്കു പോയി.

നാലു വര്‍ഷം കഴിഞ്ഞ് 1980ലെ മോസ്‌കോ ഒളിംപിക്സില്‍ നാദിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സകലരുടെയും ശ്രദ്ധ നേടി. യുഎസിന്റെ ബഹിഷ്‌കരണം മൂലം കോണര്‍ക്കു മോസ്‌കോയിലെ മേളയില്‍ പങ്കെടുക്കാനായില്ല. എന്നാല്‍, 1984ലെ ലൊസാഞ്ചല്‍സ് ഒളിംപിക്സ് കോണറുടേതായിരുന്നു; 2 സ്വര്‍ണം. പക്ഷേ, റുമേനിയയിലെ രാഷ്ട്രീയപ്രശ്നങ്ങള്‍മൂലം നാദിയ മത്സരിച്ചില്ല. ഇതിനിടെ 1981ല്‍ നാദിയ യുഎസില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി. അന്നു കോണര്‍ അവിടെയുണ്ടായിരുന്നു; പക്ഷേ, അവര്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നില്ല.

റുമേനിയന്‍ വിപ്ലവത്തിനു തൊട്ടുമുന്‍പ് 1989ല്‍ നാദിയ യുഎസിലേക്കു കടന്നു. അവിടെ വേണ്ട സൗകര്യങ്ങളൊരുക്കിയതു കോണറായിരുന്നു. പക്ഷേ, അക്കാലത്തും പ്രണയത്തെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടില്ലെന്നു കോണര്‍ പറയുന്നു. എന്നാല്‍, പതിയെപ്പതിയെ ഇരുവര്‍ക്കുമിടയില്‍ സൗഹൃദം വളര്‍ന്നു. കോണറുടെ ജിംനാസ്റ്റിക്സ് സ്‌കൂളിനു പിന്തുണയുമായി നാദിയ രംഗത്തിറങ്ങി. അവിടെയായിരുന്നു തുടക്കം. പിന്നീട് അതിശക്തമായ പ്രണയം.

1996ല്‍ ഇരുവരും വിവാഹിതരായി. നാദിയയ്ക്ക് അന്നു പ്രായം 34. കോണര്‍ക്കു മുപ്പത്തിയെട്ടും. വിവാഹം നടന്നതു റുമേനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലാണ്. ദേശീയ ടെലിവിഷന്‍ ചാനല്‍ വിവാഹച്ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തു. തങ്ങളുടെ വീരനായികയുടെ വിവാഹം കാണാന്‍ റുമേനിയക്കാര്‍ ജോലിക്കുപോലും പോകാതെ വീട്ടിലിരുന്നു.

വിവാഹനാളുകളില്‍ കോണര്‍ പറഞ്ഞു: ‘ഇനി മുതല്‍ മിസ്റ്റര്‍ നാദിയ കൊമനേച്ചി എന്നറിയപ്പെടാനാണ് എനിക്ക് ആഗ്രഹം.’

യുഎസില്‍ താമസിക്കുന്ന ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ രജതജൂബിലി വര്‍ഷമാണിത്. നാദിയയ്ക്കും (58) കോണറിനും (62) കൂട്ടായി മകന്‍ ഡിലന്‍ (15 വയസ്സ്) ഒപ്പമുണ്ട്.

pathram:
Related Post
Leave a Comment